കാസർകോട്
ചെറുവത്തൂരിൽ പ്ലസ്വൺ വിദ്യാർഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിക്കാനിടയായ സംഭവത്തിൽ, കൂൾബാറിലെ ഭക്ഷ്യവസ്തുക്കളിൽ ഇ കോളി, കോളിഫോം ബാക്ടീരിയകളെ കണ്ടെത്തിയതായി സൂചന. ഭക്ഷ്യസുരക്ഷാ വകുപ്പ് കോഴിക്കോട് മേഖലാ ലാബിലെ പരിശോധനയിലാണ് വെള്ളത്തിലും ഷവർമ, മസാലപ്പൊടി എന്നിവയിലും അപകടകാരികളായ ബാക്ടീരിയകളെ കണ്ടെത്തിയത്. ഷിഗല്ല, സാൽമോണല്ല എന്നീ ബാക്ടീരിയകളുടെ സാന്നിധ്യവും പരിശോധിച്ചശേഷമേ ലാബിൽനിന്ന് റിപ്പോർട്ട് നൽകൂ.
കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടിൽ ചെറുവത്തൂർ ഐഡിയൽ കൂൾബാറിൽനിന്ന് ഭക്ഷണം കഴിച്ച അഞ്ചിൽ മൂന്നുപേർക്ക് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. അഞ്ചുപേരുടെ പരിശോധനാ ഫലം വരാനുണ്ട്. വിഷബാധയ്ക്ക് കാരണം ഷിഗല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചതോടെ പ്രതിരോധം ഊർജിതമാക്കിയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസ് പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പ് ചെറുവത്തൂരിൽ വ്യാപക പരിശോധന ആരംഭിച്ചു. ഹോട്ടലുകളിൽനിന്നും കൂൾബാറുകളിൽനിന്നും വെള്ളമുൾപ്പെടെ ശേഖരിച്ചു മേഖലാ ലാബിലേക്കയച്ചു. ലൈസൻസില്ലാത്ത ബേക്കറിയും ഐസ്ക്രീം വിൽപ്പന കേന്ദ്രവും അടപ്പിച്ചു.
43 കട പൂട്ടിച്ചു
കാസർകോട്ടെ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഹോട്ടലുകളിലും ഫാസ്റ്റ്ഫുഡ് കടകളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു. മൂന്നു ദിവസത്തിനകം 500 കട പരിശോധിച്ചു. ലൈസൻസില്ലാത്ത 22 കടയും വൃത്തിഹീനമായ 21 കടയും പൂട്ടി. കാലപ്പഴക്കമുള്ളതും വൃത്തിഹീനമായി സൂക്ഷിച്ചതുമായ 115 കിലോ മാംസം പിടിച്ചെടുത്തു. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 70 സ്ഥാപനത്തിന് നോട്ടീസ് നൽകി.