തിരുവനന്തപുരം
പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ വഴി മൂന്ന് ലക്ഷം അമ്മമാർക്ക് സൈബർ സുരക്ഷയിൽ പരിശീലനം നൽകും. സർക്കാരിന്റെ രണ്ടാം നൂറുദിന കർമപരിപാടിയുടെ ഭാഗമായുള്ള പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച പൂജപ്പുരയിലെ കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയിൽ മന്ത്രി വി ശിവൻകുട്ടി നിര്‍വഹിക്കും.
ലിറ്റിൽകൈറ്റ്സ് യൂണിറ്റുള്ള ഹൈസ്കൂളുകളിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 അമ്മമാർക്കാണ് അവസരം. മുപ്പതുപേർ വീതമുള്ള ബാച്ചുകളിലായി 20 വരെ പരിശീലനം നൽകും. അരമണിക്കൂറുള്ള അഞ്ചു സെഷന് ഉൾപ്പെടെ മൂന്നു മണിക്കൂറാണ് പരിശീലനം. സ്മാർട്ട് ഫോൺ, ഇന്റർനെറ്റ്, ഇന്റർനെറ്റിന്റെ സുരക്ഷിത ഉപയോഗം എന്നിവയുടെ പരിചയപ്പെടുത്തലാണ് ആദ്യ സെഷൻ. ഒ ടി പി, പിൻ തുടങ്ങിയ പാസ്വേഡുകളുടെ സുരക്ഷ വിവരിക്കുന്ന രണ്ടാം സെഷനിൽ ‘രക്ഷിതാവും കുട്ടിയും; മൊബൈൽ ഫോൺ ഉപയോഗവും’ എന്ന ഭാഗവും ചർച്ച ചെയ്യും.
വ്യാജവാർത്തകളെ കണ്ടെത്താനും തിരിച്ചറിയാനും പരിശോധിക്കാനും തടയാനും സഹായിക്കുന്ന ‘ വാർത്തകളുടെ കാണാലോകം’ ആണ് മൂന്നാം സെഷൻ. ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്ന നാലാം സെഷനിൽ സൈബർ ആക്രമണങ്ങളും ഓൺലൈൻ പണമിടപാടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചർച്ചയാകും. ‘ഇന്റർനെറ്റ് അനന്ത സാധ്യതകളിലേക്കുള്ള ലോകം’ എന്നതാണ് അവസാന സെഷന്.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നാലു കുട്ടികളും കൈറ്റ് മാസ്റ്റർമാരായ അധ്യാപകരും പരിശീലനത്തിന് നേതൃത്വം നൽകും. 4000 അധ്യാപകരും 8000 കുട്ടികളും ഉൾപ്പെടുന്ന 12000 പേർ പരിശീലനം പൂർത്തിയാക്കിയെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു.