തിരുവനന്തപുരം
ജനകീയപ്രതിരോധ സമിതിയുടെ ബദൽ സംവാദത്തിലും പകരം സംവിധാനം നിർദേശിക്കാനാകാതെ സിൽവർ ലൈൻ വിരുദ്ധർ. പദ്ധതി അംഗീകരിക്കില്ല, ഡിപിആർ ശരിയല്ല തുടങ്ങിയ പതിവ് ന്യായംമാത്രം നിരത്താനേ ഇവർക്കായുള്ളൂ.
റെയിൽവേ അനുകൂലിക്കാത്ത വളവ് നിവർത്തലും നടക്കാനിടയില്ലാത്ത സമാന്തര ബ്രോഡ്ഗേജുമാണ് ഇവരുയർത്തുന്ന ബദൽ. റെയിൽവേയിൽ സമ്മർദം ചെലുത്തി നമ്മുടെ ആവശ്യം നേടിയെടുക്കാമെന്നാണ് ഡോ. ആർ വി ജി മേനോന്റെ വാദം. എന്നാൽ, മോഡറേറ്റർ എം ജി രാധാകൃഷ്ണൻ ഇത് കൈയോടെ ഖണ്ഡിച്ചു. എത്രയോ പ്രതിഷേധവും സമ്മർദവും വിവിധ പാർടികളും എംപിമാരും കാൽനൂറ്റാണ്ടിലേറെയായി നടത്തുന്നുവെന്ന് അദ്ദേഹം ചോദിച്ചു. റെയിൽവേയുടെ ദേശീയ നയത്തിനെതിരായ വാദമുയർത്തിയ മുൻ സിസ്ട്ര ഉദ്യോഗസ്ഥൻ അലോക്കുമാർ വർമ കെ റെയിലിന്റെ ഉദ്യോഗസ്ഥർക്ക് ഈ രംഗത്ത് പരിചയമില്ലെന്ന് ആരോപിച്ചു.
അതിവേഗ പാതയ്ക്ക് റെയിൽവേ സ്റ്റാൻഡേർഡ് ഗേജ് നിർദേശിക്കുന്നുണ്ട്. ആ നയം തെറ്റാണ്, ഇന്ത്യയിൽ എല്ലാ പാതയും ബ്രോഡ്ഗേജിലാണ് വേണ്ടത്. ലോകത്ത് കൂടുതലുള്ളതും ആധുനികമായതും സ്റ്റാൻഡേർഡ് ഗേജാണെന്നും അലോക് സമ്മതിച്ചു. കേരളത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് ഈ പദ്ധതിയുടെ ആവശ്യം ബോധ്യമാകുമെന്ന് എസ് എൻ രഘുചന്ദ്രൻ പറഞ്ഞു.
റോ റോ സർവീസ് ബിസിനസ് രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കും. റോഡപകടം കുറയ്ക്കും. മുട്ടയാണോ കോഴിയാണോ ആദ്യമെന്ന തർക്കംപോലെ ഗേജിൽ തർക്കിച്ചിരുന്നിട്ട് കാര്യമില്ലെന്ന് ഡോ. കുഞ്ചെറിയ പി ഐസക് പറഞ്ഞു. സ്റ്റേഷൻ അകന്നുവെന്ന വാദത്തിൽ കഴമ്പില്ല, കൊച്ചുവേളി അകലെയല്ലേ? നമ്മൾ യാത്ര ചെയ്യുന്നില്ലേ. മൺതിട്ട കുറച്ച് കൂറേദൂരംകൂടി പാലം വഴിയാക്കാൻ പറ്റുമോയെന്നും ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജോസഫ് സി മാത്യു, ശ്രീധർ രാധാകൃഷ്ണൻ എന്നിവരും സംസാരിച്ചു.
സിൽവർ ലൈൻ വിരുദ്ധതമാത്രം
തിരുവനന്തപുരം
സിൽവർ ലൈൻ വിരുദ്ധരെ കുത്തിനിറച്ച് ജനകീയപ്രതിരോധ സമിതിയുടെ ബദൽ സംവാദം. എഴുതിക്കൊടുത്ത ചോദ്യം ഉയർത്തിക്കാട്ടി മോഡറേറ്ററായിരുന്ന എം ജി രാധാകൃഷ്ണൻ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു ‘99 ശതമാനം ചോദ്യവും പദ്ധതിക്കെതിരായ വാദമാണ്. അതുസംബന്ധിച്ച് പാനലിസ്റ്റുകൾ തന്നെ വിശദീകരിച്ചിട്ടുണ്ടെ ’ന്നും അദ്ദേഹം പറഞ്ഞു.
കെ–- റെയിൽ അധികൃതർ സംവാദത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചത് ഈ ഏകപക്ഷീയ നീക്കം തിരിച്ചറിഞ്ഞാണ്. പദ്ധതിക്കെതിരെ പറയുന്നവരെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച സദസ്സിൽ സി ആർ നീലകണ്ഠൻ ഉൾപ്പെടെയുള്ള സിൽവർ ലൈൻ വിരുദ്ധരുടെ നീണ്ടനിരയായിരുന്നു. എന്നാൽ, കെ–- റെയിൽ നടത്തിയ സംവാദത്തിൽ എല്ലാവർക്കും ഒരേപോലെ അവസരം നൽകിയിരുന്നു. അന്ന് പിന്മാറിയവർ ഉന്നയിച്ച മാനദണ്ഡങ്ങൾ ഇവിടെ പാലിച്ചോയെന്ന ചോദ്യവും പ്രസക്തം.