ന്യൂഡൽഹി
ഫാസ്ടാഗിനു പകരമുള്ള ജിപിഎസ് ടോൾ സംവിധാനത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് 2025നകം 1.34 ലക്ഷം കോടിരൂപ സമാഹരിക്കൽ. 2022 അവസാനത്തോടെ രാജ്യത്തെ ടോൾ ബൂത്തുകൾ അടയ്ക്കുകയെന്നതാണ് കേന്ദ്ര നയം. പുതിയ വാഹനങ്ങളിൽ ജിപിഎസ് സംവിധാനമുണ്ടെങ്ങിലും നയം നടപ്പാക്കുന്നതോടെ പഴയ വാഹനങ്ങളിൽ ഉടമ സ്വന്തം ചെലവിൽ ജിപിഎസ് ഘടിപ്പിക്കേണ്ടിവരും. ഫാസ്ടാഗ് വഴി നൂറുശതമാനം ടോൾ പിരിക്കാനാകുന്നില്ലെന്ന് കേന്ദ്രം സമ്മതിക്കുന്നു. രാജ്യത്തെങ്ങും ഒരേ ടോൾ നിരക്കാകുമെന്നും അവകാശപ്പെടുന്നു.
കേന്ദ്രം സദാ പിന്തുടരും
വാഹനത്തിലെ ജിപിഎസ് കോഓർഡിനേറ്റർ വഴിയാകും ടോൾ പിരിവ്. മൈക്രോ കൺട്രോളർ വഴി ടോൾ പോയിന്റിൽ എത്തുമ്പോൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിടിക്കും. ഈ സംവിധാനത്തിൽ സർക്കാരിന് വാഹനങ്ങളെ സദാ പിന്തുടരാനാകും. ഇത് ദുരുപയോഗിക്കപ്പെടാന് സാധ്യത ഏറെ. പുതിയ കേന്ദ്ര നയമനുസരിച്ച് 60 കിലോമീറ്ററിൽ ഒരു ടോൾ എന്നതാണ് കണക്ക്.
സമരങ്ങളെ ഇല്ലാതാക്കാം
ടോൾ നിരക്ക് കുത്തനെ വർധിപ്പിക്കുമ്പോൾ ജനങ്ങൾ ബൂത്തുകളിൽ പ്രതിഷേധിക്കുന്നത് ഇല്ലാതാക്കാം. കർഷക പ്രക്ഷോഭത്തിലടക്കം ടോൾ ബൂത്ത് ഉപരോധിച്ചത് കേന്ദ്രത്തിന് തിരിച്ചടിയായിരുന്നു. പേടിഎം പോലുള്ള ഭീമന്മാരാകും പണം പിരിക്കുന്നതിന് ഇടനിലക്കാരാകുക. ഇവർ ഫീസ് ചുമത്താനും സാധ്യതയുണ്ട്. പെട്രോൾ–-ഡീസൽ വർധനയ്ക്ക് സമാനമായി ഭാവിയിൽ കേന്ദ്രം ടോൾ നിരക്കും അടിക്കടി വർധിപ്പിക്കാം.