ന്യൂഡൽഹി> രാജീവ്ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് ശിക്ഷാഇളവ് നൽകാമെന്ന മന്ത്രിസഭാശുപാർശ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാൻ ഗവർണർക്ക് അധികാരമുണ്ടോയെന്ന് വിശദീകരിക്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദേശം.
ഭരണഘടനപ്രകാരം സംസ്ഥാനത്തിന് വേണ്ടി തീരുമാനം എടുക്കേണ്ടത് ഗവർണറാണെന്ന് സുപ്രീംകോടതി ഓർമിപ്പിച്ചു. എന്നാൽ, അദ്ദേഹം ആ തീരുമാനമെടുക്കാതെ വിഷയം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടതിന്റെ ഔചിത്യം എന്താണെന്നും ജസ്റ്റിസ് എൽ നാഗേശ്വരറാവു അദ്ധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു.
ഗവർണറുടെ നടപടിയെ കേന്ദ്രസർക്കാർ എന്തിനാണ് ന്യായീകരിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ഗവർണറുടെ അപേക്ഷയിൽ രാഷ്ട്രപതി തീരുമാനം എടുക്കുന്നത് വരെ പേരറിവാളന്റെ ഹർജി പരിഗണിക്കുന്നത് മാറ്റിവെക്കാൻ കഴിയില്ല. രാഷ്ട്രപതി എന്ത് തീരുമാനമെടുക്കുന്നു എന്നത് കോടതിക്ക് നോക്കേണ്ട കാര്യമില്ല. ഇത്തരം വിഷയങ്ങളിൽ മന്ത്രിസഭാതീരുമാനം രാഷ്ട്രപതിക്ക് വിടാൻ ഗവർണർക്ക് അധികാരമുണ്ടോയെന്ന ചോദ്യത്തിനാണ് ഉത്തരം ലഭിക്കേണ്ടതെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.