കൊച്ചി> ബലാത്സംഗ കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന സിനിമാനിർമാതാവും നടനുമായ വിജയ് ബാബുവിനെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള അന്തിമനടപടി പൂർത്തിയായി. വിദേശമന്ത്രാലയത്തിന് ഇതിനായി കൊച്ചി സിറ്റി പൊലീസ് അപേക്ഷ നൽകിയിരുന്നു. വിദേശമന്ത്രാലയം അന്തിമനടപടി പൂർത്തിയാക്കിയതായി ഡെപ്യൂട്ടി കമീഷണർ വി യു കുര്യാക്കോസ് പറഞ്ഞു.
ദുബായിലെ ഒളിസങ്കേതം കണ്ടെത്താൻ ഇതുവഴി സാധിക്കും. ബ്ലൂ കോർണർ നോട്ടീസ് ഇറക്കുന്നതുവഴി വേണമെങ്കിൽ ദുബായ് പൊലീസിന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുമാകും. പ്രതി ദുബായിൽത്തന്നെയാണെന്ന സൂചന അന്വേഷകസംഘത്തിന് ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇ-–-മെയിൽ അയച്ചിരുന്നു. ഉടൻ കീഴടങ്ങണമെന്നായിരുന്നു നിർദേശം. എന്നാൽ, 19ന് ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചെങ്കിലും അന്വേഷകസംഘം ഇത് തള്ളുകയും ഇന്റർപോളിന്റെ സഹായം തേടുകയുമായിരുന്നു.
അതേസമയം, മോശം അനുഭവമുണ്ടായെന്ന് ആരോപിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ട യുവതിയെ കണ്ടെത്താനായില്ല. ഇവരുടെ ആരോപണം പ്രസിദ്ധീകരിച്ച ഫെയ്സ്ബുക് പേജിന്റെ അഡ്മിനുമായി പൊലീസ് ആശയവിനിമയം നടത്തിയിരുന്നു. പൊലീസിൽ പരാതി നൽകണമെന്ന് ഇവർവഴി യുവതിയെ അറിയിക്കുകയും ചെയ്തു. എന്നാൽ, ഇവർ പിന്നീട് ബന്ധപ്പെട്ടില്ലെന്നും കുറിപ്പിട്ട യുവതിയെ കണ്ടെത്താനായില്ലെന്നുമാണ് പൊലീസ് പറയുന്നത്.