തിരുവനന്തപുരം> കെ റെയില്‍ കോര്പറേഷന് സംഘടിപ്പിക്കുന്ന ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും’ എന്ന സില്‍വര്‍ ലൈന്‍ സംവാദ പരിപാടി അവസാനിച്ചു. പദ്ധതിയുടെ സാമ്പത്തിക – സാങ്കേതിക – പ്രായോഗിക വശങ്ങള് പരിപാടിയില്‍ വിശദമായി ചര്‍ച്ച ചെയ്തു.
റോഡ് വികസനംകൊണ്ടു മാത്രം കേരളത്തിന്റെ ഗതാഗത പ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരമുണ്ടാക്കാനാകില്ലെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി. ഐസക് പറഞ്ഞു. സാങ്കേതികവിദ്യാ മേഖലയിലുണ്ടാകുന്ന മാറ്റം ഗതാഗത മേഖലയിലും സംഭവിക്കണം. സംസ്ഥാനത്തെ പ്രധാന പാതകളില്‍ ഇന്നു ഗതാഗതത്തിന്റെ ശരാശരി വേഗം മണിക്കൂറില്‍ 30 – 40 കിലോമീറ്ററാണ്.മറ്റു സംസ്ഥാനങ്ങളില്‍ ഇത് 80 – 90 കിലോമീറ്ററാണ്. റെയില്‍ ഗതാഗതവേഗം കേരളത്തില്‍ 60 കിലോമീറ്ററിനു താഴെ നില്ക്കുന്നു. ഈ സാഹചര്യത്തിനു മാറ്റമുണ്ടാകണമെങ്കില്‍ സില്‍വര്‍ ലൈന്‍ പോലുള്ള പുതിയ പദ്ധതികള്‍ യാഥാര്‍ഥ്യമാകണം. അതിവേഗയാത്രയ്ക്കായി തെക്ക് – വടക്ക് വേഗറെയിലും അതിനോടു ബന്ധിപ്പിച്ചു കിഴക്ക് – പടിഞ്ഞാറ് ദിശയില്‍ വിപുലമായ റോഡ് ഗതാഗത സംവിധാനവുമാണു കേരളത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തിക, വ്യാവസായിക മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കു കഴിയുമെന്നു ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ പറഞ്ഞു. വികസന പദ്ധതികളെ കണ്ണുമടച്ച് എതിര്‍ക്കുന്ന പ്രവണതയ്ക്കു മാറ്റം വരണം. സംശയത്തോടെ മാത്രം വികസനത്തെ കാണുന്ന ശീലം ഉപേക്ഷിക്കണം. കേരളത്തില്‍ പ്രധാന വികസന പദ്ധതികള്‍ വന്നപ്പോഴെല്ലാം തുടക്കത്തില്‍ വലിയ എതിര്‍പ്പുണ്ടായിട്ടുണ്ട്. സിയാല്‍, വിഴിഞ്ഞം പോര്‍ട്ട്, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി തുടങ്ങിയവയുടെ തുടക്കത്തില്‍ വന്‍ എതിര്‍പ്പാണുണ്ടായത്. എന്നാല്‍ ഈ പദ്ധതികളുടെ ഇന്നത്തെ സ്വീകാര്യത എത്ര വലുതാണ്.
കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ചിന്താഗതിക്കു മാറ്റം വരണം. സില്‍വര്‍ ലൈന്‍ പദ്ധതി വിവിധ ഘട്ടങ്ങളായി നടപ്പാക്കിയാല്‍ ജനങ്ങള്‍ക്ക് ഇതിനോടുള്ള താല്പര്യം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയിലേക്കുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കണം. വിശാലമായ പാര്‍ക്കിങ് സൗകര്യം എല്ലായിടത്തുമുണ്ടാക്കണം. രാജ്യം മുന്നോട്ടുവയ്ക്കുന്ന ഡയമണ്ട് ക്വാഡ്രലാററ്റല് പദ്ധതിയില്‍ സില്‍വര്‍ ലൈന്‍ ഭാഗമാകണ ആശയവും അദ്ദേഹം മുന്നോട്ടുവച്ചു.
റെയില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാനത്തെ നിലവിലെ റെയില്‍പ്പാത വികസനമാണു നടപ്പാക്കേണ്ടതെന്നായിരുന്നു കണ്ണൂര്‍ ഗവണ്മെന്റ് കോളജ് ഓഫ് എന്‍ജിനീയറിങ് മുന്‍ പ്രിന്‍സിപ്പലും ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്റുമായ ഡോ. ആര് വി ജി മേനോന്റെ അഭിപ്രായം. ഇപ്പോള്‍ നടക്കുന്ന പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കി മൂന്നാമത്തെ പാത നടപ്പാക്കണം. റോഡ്, റെയില്‍വേ വികസനങ്ങള്‍ക്കു തടസം നില്ക്കുന്നതു നാട്ടുകാരല്ല. ഇച്ഛാശക്തിയോടെ നടപ്പാക്കാന്‍ കഴിയാത്തതാണു പ്രശ്നം.
റെയില്‍വേ ലൈനിലുള്ള 626 വളവുകള്‍ നിവര്‍ത്തണം. അത്യാധുനിക സിഗ്നലിങ് സംവിധാനം ഏര്‍പ്പെടുത്തണം. കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കണം. റെയില്‍വേ വികസനത്തിനു പണം കണ്ടെത്തുന്നതിനു വിദേശ വായ്പ ലഭ്യമായില്ലെങ്കില്‍ കിഫ്ബിയില്‍നിന്നു പണം കണ്ടെത്തണം. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന ട്രെയിനുകള്‍ ഇന്ത്യയിലുണ്ട്. ബ്രോഡ് ഗേജിലാണ് ഇവ ഓടുന്നത്. അതിന്റെ സാങ്കേതിക ഘടകങ്ങള്‍ ഇന്ത്യയിലാണു നിര്‍മിക്കുന്നത്. എന്നാല്‍, സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജാണു വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടത്തുന്ന ചര്‍ച്ച മൂന്നു നാലു വര്‍ഷം മുന്‍പു നടത്തേണ്ടിയിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ഗേജ് പ്രശ്നം പദ്ധതിയുടെ വിജയകരമായ മുന്നോട്ടുപോക്കിനെ ബാധിക്കില്ലെന്നു റെയില്‍വേ ബോര്‍ഡ് മുന്‍ അംഗം സുബോധ് കുമാര്‍ ജെയിന് പറഞ്ഞു. സ്വകാര്യ – പൊതുമേഖലാ പങ്കാളിത്തത്തോടെ രാജ്യത്തു നടപ്പാക്കുന്ന അതിവേഗ, അര്‍ധ അതിവേഗ പാതകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഗേജാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ചരക്കുഗതാഗതത്തിനു പ്രാധാന്യം നല്കുന്നതു മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ റെയില്‍വേ ബ്രോഡ്ഗേജിനു മുന്‍തൂക്കം നല്‍കുന്നത്. ചരക്കു ഗതാഗതത്തിനു ബ്രോഡ്ഗേജും യാത്രയ്ക്കു സ്റ്റാന്‍ഡേര്‍ഡ് ഗേജുമെന്നാണു റെയില്‍വേ നയമായി സ്വീകരിച്ചിരിക്കുന്നത്.
രാജ്യത്തെ മെട്രോ റെയില്‍വേകള്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ്. അഹമ്മദാബാദ് – രാജ്കോട്ട് അതിവേഗ പാത സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ്. ഗേജ് വ്യത്യാസമുള്ളതിനാല്‍ സില്‍വര്‍ ലൈനിനെ ഇന്ത്യന്‍ റെയില്‍വേയുമായി കണക്റ്റ് ചെയ്യാനാകില്ലെന്ന വാദം, ഒരേയിടത്തുതന്നെ പാസഞ്ചര്‍ ഇന്റര്‍ചേഞ്ച് സംവിധാനം നടപ്പാക്കുന്നതുവഴി മറികടക്കാം. മെട്രോ ട്രെയിനുകളിലെത്തുന്ന യാത്രക്കാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ ട്രെയിനുകളിലേക്കുള്ള കണക്റ്റിവിറ്റി ഇങ്ങനെയാണു സാധ്യമാക്കിയിരിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഭാവിയില്‍ നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോറിഡോറിന്റെ ഭാഗമായി മാറാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നാഷണല്‍ അക്കാദമി ഓഫ് ഇന്ത്യന്‍ റെയില്‍വേസിലെ മുന്‍ സീനിയര്‍ പ്രൊഫസര്‍ മോഹന്‍ എ. മേനോനായിരുന്നു താജ് വിവാന്ത ഹോട്ടലില്‍ നടന്ന പരിപാടിയുടെ മോഡറേറ്റര്‍.