പത്തനംതിട്ട > സമൂഹത്തിൽനിന്ന് അകറ്റിനിർത്തിയിരുന്ന തന്നെ പോലുള്ളവർക്ക് മുഖവും ജീവിതവും തന്നത് ഡിവൈഎഫ്ഐയാണെന്ന് സമ്മേളന പ്രതിനിധിയായ ട്രാൻസ്ജെൻഡർ ലയ മരിയ ജെയ്സൺ. സമ്മേളനം മറക്കാനാവാത്ത ഓർമയാണ് സമ്മാനിക്കുന്നത്. ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിയിലെത്തി മാസങ്ങൾ പിന്നിടുംമുമ്പാണ് സംസ്ഥാനസമ്മേളന പ്രതിനിധിയാകുന്നത്.
2019ൽ ഡിവൈഎഫ്ഐ പ്രാഥമിക അംഗത്വംനേടിയ ലയ ചങ്ങനാശേരി ഇത്തിത്താനം സ്വദേശിയാണ്. തിരുവനന്തപുരം സോഷ്യൽ വെൽഫെയർ ബോർഡിൽ ഇ സ്ക്വയർ ഹബ് പ്രോജക്ടിൽ കംപ്യൂട്ടർ അസിസ്റ്റന്റായി ജോലിചെയ്യുന്നു. ട്രാൻസ്ജെൻഡർ വിഭാഗത്തിന് പ്രത്യേക യൂണിറ്റുകൾ രൂപീകരിച്ച് സമൂഹത്തിന്റെ മുൻനിരയിലേക്കെത്താൻ സഹായംചെയ്യുന്നത് ഡിവൈഎഫ്ഐയാണ്.
പ്രസ്ഥാനത്തിന്റെ ഭാഗമായശേഷം സമൂഹത്തിലും വീട്ടിനുള്ളിൽ ബന്ധുക്കൾക്കിടയിൽപോലും സമീപനത്തിലും പെരുമാറ്റത്തിലുമടക്കം വ്യത്യാസംവന്നിട്ടുണ്ട്. ലയയെ കൂടാതെ തിരുവനന്തപുരം സ്വദേശി ശ്യാമ എസ് പ്രഭ, തൃശൂർ സ്വദേശി ദിയ റഹിം എന്നിവരും സമ്മേളനത്തിലെ പ്രതിനിധികളാണ്.