കൊണ്ടോട്ടി> കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും ബ്രൗൺഷുഗർ വിൽപ്പന നടത്തിയ കേസിൽ ലഹരിക്കടത്ത് സംഘത്തലവനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി ഓമാനൂർ സ്വദേശി പറമ്പൻകുന്നൻ ലത്തീഫിനെ (പണ്ടാരി ലത്തീഫ്, 43)യാണ് പൊലീസ് പിടികൂടിയത്. ബുധനാഴ്ച ഉച്ചയോടെ ഇയാൾ തേഞ്ഞിപ്പലം ഭാഗത്ത് കാറിൽ സഞ്ചരിക്കവെ പിന്തുടർന്ന് അതിസാഹസികമായാണ് പിടികൂടിയത്. ഇയാളുടെ കാറും പിടിച്ചെടുത്തു. ഇയാളുടെ സംഘത്തിൽപ്പെട്ട കരിപ്പൂർ സ്വദേശി ജംഷാദ് അലി (33), കോഴിക്കോട് മായനാട് സ്വദേശി കമ്മണപറമ്പ് നജ്മു സാക്കിബ് (33) എന്നിവരെ രണ്ട് ആഴ്ച മുമ്പ് അരക്കിലോ ബ്രൗൺ ഷുഗറുമായി കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് പിടികൂടിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാജസ്ഥാനിൽനിന്ന് ലഹരി വാങ്ങിക്കാനുള്ള പണം നൽകിയത് ലത്തീഫാണെന്ന് കണ്ടെത്തി. മുമ്പും പലതവണ ഇയാൾക്കുവേണ്ടി മയക്കുമരുന്ന് കടത്തിയതായി പിടിയിലായവർ പൊലീസിന് മൊഴി നൽകിയിരുന്നു.
വിഷു–-ഈസ്റ്റർ ഉത്സവ ആഘോഷങ്ങൾക്കിടെയുള്ള ചില്ലറ വില്‍പ്പനക്കായാണ് രാജസ്ഥാനിൽനിന്ന് മയക്കുമരുന്ന് എത്തിച്ചത്. ഇപ്പോൾ പിടിയിലായ സംഘത്തലവൻ ലത്തീഫ് ടൗണിലെ ഒരു പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണെന്ന് സൂചനയുണ്ട്. ഇതിന്റെ മറവിലാണ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് ലഹരി കച്ചവടം നടത്തിവന്നിരുന്നത്.
കുറഞ്ഞ കാലത്തിനിടെയുള്ള ലത്തീഫിന്റെ സാമ്പത്തിക വളർച്ചയും സ്വത്തുക്കളെ കുറിച്ചും പൊലീസ് അന്വേഷിച്ചുവരുന്നു. ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എഎസ്പി ഷാഹുൽ ഹമീദ്, കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷറഫ്, കൊണ്ടോട്ടി ഇൻസ്പെക്ടർ പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.