പാലക്കാട്
മാസങ്ങൾക്ക് മുമ്പ് പൊരിവെയിലിൽ സമരംചെയ്യുമ്പോൾ കണ്ട മുഖങ്ങളല്ല, സന്തോഷം നിറഞ്ഞ മുഖങ്ങളാണ് മുതലമട ഗോവിന്ദാപുരം അംബേദ്കർ കോളനിയിൽ. കോളനിയിലെ കുടുംബങ്ങൾക്ക് വീടനുവദിച്ചുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയ ചൊവ്വാഴ്ച പടക്കം പൊട്ടിച്ച് കോളനിക്കാർ ആഹ്ലാദം പങ്കുവച്ചു. കോളനിയിലെ 42 കുടുംബങ്ങൾക്ക് ദുർബല വിഭാഗങ്ങൾക്കുള്ള പ്രത്യേക പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭൂമിയും വീടും സർക്കാർ അനുവദിച്ചത്.
സർക്കാർ ഉത്തരവ് ലഭിച്ചശേഷം സന്തോഷം പങ്കുവയ്ക്കാൻ കോളനിയിൽ എല്ലാവരും ഒത്തുകൂടി. കോളനിക്കാരായ 42 പേരുടെയും പേരുവച്ച് സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കുമെന്ന് സമരക്കാർ പോലും കരുതിയില്ല. ഉത്തരവിറക്കാൻ മുൻകൈയെടുത്ത മന്ത്രി കെ രാധാകൃഷ്ണന് ഏറ്റവും വലിയ സ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.
വീടും സ്ഥലവും ആവശ്യപ്പെട്ടാണ് സമരസമിതി നേതാക്കൾ മന്ത്രി കെ രാധാകൃഷ്ണനെ കണ്ടത്. കോളനിയിലെ പ്രശ്നങ്ങൾ വിശദമായി മന്ത്രി കേട്ടു. രണ്ട് കിലോമീറ്റർ അകലെയാണ് റേഷൻ കടയെന്നതറിഞ്ഞതോടെ മൊബൈൽ റേഷൻകട അനുവദിക്കാൻ മന്ത്രി നിർദേശം നൽകി. കോളനിക്ക് സമീപം ഗവ. എൽപി സ്കൂളും കുട്ടികളുടെ പാർക്കും ആരംഭിക്കാനുള്ള സാധ്യതയും പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. വീടും സ്ഥലവും എത്രയും പെട്ടന്ന് അനുവദിച്ച സർക്കാർ മറ്റ് ആവശ്യങ്ങളും നടത്തിത്തരുമെന്ന് ഉറച്ച വിശ്വാസത്തിലാണ് കോളനിക്കാർ. സമരം തീർക്കാൻ സിപിഐ എം ഇടപെടലും നിർണായകമായി. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ ഓരോ ഘട്ടത്തിലും കോളനിക്കാരുടെ ഒപ്പം നിന്നു.