തിരുവനന്തപുരം
സംസ്ഥാനത്തെ കുറ്റവാളികളെ പൂട്ടാൻ ഇനി ‘ഐകോപ്സ്’. സ്ഥിരം കുറ്റവാളികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ക്രിമിനൽ ഗാലറിയും കുറ്റകൃത്യ രീതി വിവരിക്കുന്ന ‘മോഡസ് ഓപറാണ്ടി ഇൻഫർമേഷൻ സിസ്റ്റവും’ ഉൾപ്പെടെ വിപുല സംവിധാനമാണ് ഐകോപ്സ് (ഇന്റഗ്രേറ്റഡ് കോർ പൊലീസിങ് സിസ്റ്റം).
കേസിലുൾപ്പെട്ട് സ്റ്റേഷനിലെത്തുന്നവരെ തിരിച്ചറിയാനും അവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തത്സമയം ലഭ്യമാക്കാനും ‘ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റവും’ ഐകോപ്സിലുണ്ട്. ഇതോടെ പിടിയിലാകുന്ന വ്യക്തിയുടെ മുൻകാല ക്രിമിനൽ പശ്ചാലത്തലമടക്കമുള്ള വിവരങ്ങൾ ഒറ്റ ക്ലിക്കിൽ ലഭ്യമാകും.
പ്രതി ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ, വ്യക്തി വിവരങ്ങൾ, മറ്റ് കേസുകളുടെ ചരിത്രം, നൽകിയ നോട്ടീസുകൾ, പ്രതിയുടെ വിവിധ കാലങ്ങളിലെ ചിത്രം, ഇവരെ പിന്തുടരുന്നവർ, പരിശീലന രീതികൾ, സാമ്പത്തിക ഉറവിടം എന്നിവയെല്ലാം ‘ക്രിമിനൽ’, ‘ഗാങ്’ എന്നീ വിഭാഗങ്ങളിലായി രേഖപ്പെടുത്തിയിരിക്കും. വിവരങ്ങൾ ഓരോ കേസിന്റെയും അടിസ്ഥാനത്തിൽ പുതുക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈം മാപ്പിങ്ങും തയ്യാറാക്കും. ഒരേ കുറ്റകൃത്യം രണ്ടിടത്തുനിന്ന് അപ്ലോഡ് ചെയ്താൽ അവ ഒന്നാക്കി മാറ്റാനും സംവിധാനമുണ്ട്. അബ്കാരി, മയക്കുമരുന്ന്, സൈബർ തുടങ്ങി കേസുകളുടെ സ്വഭാവമനുസരിച്ച് ക്രൈം ക്ലാസിഫിക്കേഷൻ തയ്യാറാക്കും. കുറ്റവാളികളെ തിരിച്ചറിയാൻ സെക്യൂരിറ്റി അലേർട്ട് സിസ്റ്റം (സാസ്) ആയിരുന്നു നിലവിലുണ്ടായിരുന്നത്.
ആധുനിക സംവിധാനത്താൽ ഐകോപ്സ് ആവിഷ്കരിച്ചതോടെ ഇതില്ലാതാകും. സംസ്ഥാനത്തെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും ഐകോപ്സിൽ വിദഗ്ധ പരിശീലനം നൽകാൻ പൊലീസ് മേധാവി അനിൽകാന്ത് നിർദേശം നൽകി.