തിരുവനന്തപുരം
പ്രഥമ കേരള ഗെയിംസിന് മെയ് ഒന്നിന് കൊടിയുയരും. തിരുവനന്തപുരത്തെ വിവിധ സ്റ്റേഡിയങ്ങളിലായി 10 വരെയാണ് ഗെയിംസ്. വോളിബോൾ മത്സരങ്ങൾ കോഴിക്കോടും ഫുട്ബോൾ എറണാകുളത്തും കബഡി, ഹോക്കി കൊല്ലത്തുമാണ്. ശനി വൈകിട്ട് അഞ്ചിന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ കായികമന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.
ടോക്യോ ഒളിമ്പിക്സ് മെഡൽ ജേതാക്കളായ രവികുമാർ ദഹിയ, ബജറങ് പുണിയ, ലവ്ലിന ബൊർഗോഹൈൻ, പി ആർ ശ്രീജേഷ് എന്നിവരെ ചടങ്ങിൽ ആദരിക്കുമെന്ന് ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി സുനിൽകുമാർ, സെക്രട്ടറി ജനറൽ എസ് രാജീവ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളികൾക്ക് ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും നൽകും. ഒളിമ്പിക് അസോസിയേഷന്റെ ലൈഫ്ടൈം സ്പോർട്സ് അച്ചീവ്മെന്റ് അവാർഡ് മേരികോമിന് സമ്മാനിക്കും. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. മെയ് ഒന്നിന് ഹാഫ് മാരത്തണും 10 കിലോമീറ്റർ ഓട്ടമത്സരവും മൂന്ന് കിലോമീറ്റർ ഫൺറൺ മത്സരവും നടക്കും.
24 ഇനങ്ങൾ 7000 താരങ്ങൾ
കേരള ഗെയിംസിൽ 24 ഇനങ്ങളിലായി 7000 കായികതാരങ്ങൾ അണിനിരക്കും. ഏഴ്, എട്ട് തീയതികളിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് അത്ലറ്റിക്സ്.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട്, പനമ്പിള്ളി നഗർ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലായി ഒന്നുമുതൽ നാലുവരെ വനിതാവിഭാഗം ഫുട്ബോളും അഞ്ചുമുതൽ ഒമ്പതുവരെ പുരുഷവിഭാഗം ഫുട്ബോളും നടക്കും. ഒന്നുമുതൽ ഏഴുവരെ കോഴിക്കോട് വടകരയിൽ വോളിബോളുണ്ട്. നാലുമുതൽ ആറുവരെ കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ ഹോക്കി മത്സരങ്ങളാണ്.