തിരുവനന്തപുരം
പെട്രോളും ഡീസലും പോലെ മണ്ണെണ്ണ വിലയും കേന്ദ്ര സർക്കാർ ദിവസവും കൂട്ടുന്നു. രണ്ടാഴ്ചയ്ക്കിടെ സബ്സിഡി രഹിത മണ്ണെണ്ണയുടെ വില ലിറ്ററിന് 2.09 രൂപ വർധിപ്പിച്ചു. ഏപ്രിൽ മൂന്നിന് 18.77 രൂപ കുത്തനെകൂട്ടിയതിനു പിന്നാലെയാണിത്. സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ പ്രതിസന്ധിയിലായി. 2014ൽ ബിജെപി സർക്കാർ ഭരണത്തിലെത്തുമ്പോൾ ലിറ്ററിന് 55 രൂപയായിരുന്നൂ. അതാണ് ഇപ്പോൾ 120 ശതമാനം കൂടി 125.28 രൂപയാ
യത്.
കേരളത്തിലെ 2,47,849 പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പണിയെടുക്കുന്ന യാനത്തിൽ ഇന്ധനം മണ്ണെണ്ണയാണ്. 10,889 അംഗീകൃത യാനവും 14,332 യന്ത്രവുമുണ്ട്. ഒരെണ്ണത്തിന് പ്രതിമാസം 500 മുതൽ 600 ലിറ്റർവരെ മണ്ണെണ്ണ വേണം. വർഷം ഒരുലക്ഷം കിലോ ലിറ്റർ സംസ്ഥാനത്തിന് ആവശ്യമാണ്.
2014–-15 വരെ മീൻപിടിത്തത്തിനുള്ള മുഴുവൻ മണ്ണെണ്ണയും കേന്ദ്ര പൂളിൽനിന്ന് അനുവദിച്ചു. ബിജെപി സർക്കാർ അധികാരമേറ്റയുടൻ ഈ വിഹിതം വെട്ടിക്കുറച്ചു. വില നിർണയാധികാരം കമ്പനികൾക്ക് വിട്ടുനൽകി. ആവശ്യമുള്ളതിന്റെ 20 ശതമാനത്തിലും താഴെയാണ് ഇപ്പോൾ കേന്ദ്ര പൂളിലുള്ളത്. ഇതിന്റെ വില ലിറ്ററിന് 59 രൂപയിൽനിന്ന് 81 രൂപയാക്കി.
സംസ്ഥാന സർക്കാർ മത്സ്യഫെഡിന്റെ 13 ബങ്കുവഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയ്ക്ക് 25 രൂപ സബ്സിഡി അനുവദിക്കുന്നു. 2016ൽ ഈ സബ്സിഡി കിഴിച്ച് 31 രൂപയ്ക്ക് ഒരുലിറ്റർ ലഭിച്ചു. ഇപ്പോൾ സബ്സിഡി ലഭിച്ചാലും 100.28 രൂപ നൽകണം.