തൃശൂർ
കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ ഏതുവിധേനയും അസ്ഥിരപ്പെടുത്താനാണ് പ്രതിപക്ഷനീക്കമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഒന്നല്ലെങ്കിൽ മറ്റൊന്ന് ഉയർത്തിപ്പിടിച്ച് അവർ ശ്രമം തുടരുന്നു. ഈ സാഹചര്യത്തിൽ സർക്കാരിനെ സംരക്ഷിക്കാൻ ജനങ്ങൾ സജ്ജരാകണമെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി തൃശൂർ എഡിഷനിലെ പുതിയ പ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
ജനക്ഷേമ പ്രവർത്തനങ്ങളുമായി ഇടതുപക്ഷ സർക്കാർ മുന്നേറുകയാണ്. നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ആത്മവിശ്വാസം പകരുന്നതിനും ദേശാഭിമാനി ശ്രമിക്കുന്നു. തൊഴിലാളി വർഗത്തിന്റെ ജിഹ്വ കൂടിയായ ദേശാഭിമാനിയെ ഒന്നാമത്തെ പത്രമാക്കി മാറ്റണം.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഭരണത്തെ പുറത്താക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജ്യത്തിനു സർവനാശം സംഭവിക്കും. ജനാധിപത്യം രാജ്യത്ത് ഇല്ലാതാകും. മതേതരത്വം തകർക്കപ്പെടും. രാജ്യത്തെ അച്ചടി, ദൃശ്യ മാധ്യമ മേഖലകൾ കോർപറേറ്റുകൾ കൈയടക്കുന്നു. ബിജെപി ഭരണത്തെ സൃഷ്ടിച്ചതും കോർപറേറ്റുകളാണെന്ന് കോടിയേരി പറഞ്ഞു.
ദേശാഭിമാനിക്ക് കേരളത്തിൽ ഏഴര ലക്ഷത്തോളം കോപ്പിയുണ്ട്. ഈ വർഷം 10 ലക്ഷം കോപ്പിയാണ് ലക്ഷ്യം. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്, സ്വാതന്ത്ര്യസമരത്തിൽ തൊഴിലാളികളെയും കർഷകരെയും അണിനിരത്തുന്നതിലും സംസ്ഥാന രൂപീകരണത്തിലും പത്രം മുഖ്യ പങ്കുവഹിച്ചു. കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഇ എം എസിന്റെ ലേഖനം ദേശാഭിമാനിയിലൂടെയാണ് പുറത്തുവന്നത്.
വിവിധ ഘട്ടങ്ങളിൽ ഭരണകൂടം ദേശാഭിമാനിയെ നിരോധിച്ചു. അടിയന്തരാവസ്ഥക്കാലത്ത് സെൻസർഷിപ് അതിജീവിച്ചു. ഇ എം എസ് പത്രാധിപരും എ കെ ജി മാനേജരുമായി ദേശാഭിമാനിയെ നയിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായ ഘട്ടങ്ങളിൽ എ കെ ജി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയി പണം ശേഖരിച്ചിട്ടുണ്ട്. അത്തരത്തിൽ ജനകീയ പത്രമാക്കി മാറ്റി. രാഷ്ട്രീയ വാർത്തകൾക്കൊപ്പം ശാസ്ത്രം, സാഹിത്യം, സിനിമ തുടങ്ങി എല്ലാ മേഖലകളിലേയും വാർത്തകൾ ദേശാഭിമാനിയിലുണ്ട്. ‘അക്ഷരമുറ്റം’ വിദ്യാർഥികൾക്കാകെ സ്വീകാര്യമായി. ഓൺലൈൻ മാധ്യമരംഗം കൂടുതൽ ശകതിപ്പെടുത്തി വാർത്ത അതിവേഗം ജനങ്ങളിൽ എത്തിക്കുമെന്നും കോടിയേരി പറഞ്ഞു.