തൃശൂർ
തൊഴിലാളി വർഗത്തിന്റെ രാഷ്ട്രീയം ഇടർച്ചയില്ലാതെ ഉയർത്തിപ്പിടിക്കാൻ മുന്നിട്ടുനിന്ന ഏക പത്രമാണ് ദേശാഭിമാനിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. അടിയന്തരാവസ്ഥയുടെ നാളുകളിൽ പ്രതിരോധം ഉയർത്തിയ പത്രമാണിത്. കടുത്ത പ്രതിസന്ധിക്കിടെയിലും ഇന്ദിരാഗാന്ധി സർക്കാരിന്റെ പരസ്യം കൊടുക്കേണ്ടതില്ലെന്ന് തീരുമാനിച്ച്, ഏകാധിപത്യത്തിനെതിരെയുള്ള പടവാളായി ദേശാഭിമാനി മാറി. ദേശാഭിമാനി തൃശൂർ യൂണിറ്റിലെ ആധുനിക പ്രിന്റിങ് യൂണിറ്റ് ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു വിജയരാഘവൻ.
അപകടകരമായ സ്ഥതിവിശേഷത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മുസ്ലിം വിഭാഗത്തിനുനേരെ ബുൾഡോസറുകൾ തിരിയുന്നത് ജനാധിപത്യ മതേതര രാജ്യത്തിന് അപമാനകരമാണ്. കേന്ദ്രസർക്കാർ രാജ്യത്തെ കോർപറേറ്റ് മുതലാളിത്തത്തിന് കൊള്ളയടിക്കാൻ അവസരം ഒരുക്കുകയാണ്. ബൂർഷ്വാ പാർടികൾക്കൊന്നും ഇത് ചോദ്യം ചെയ്യാനാകുന്നില്ല. സ്വാതന്ത്യവും മതനിരപേക്ഷതയും ഫെഡറലിസവും ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കാൻ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ. രാജ്യത്തെ ഇരുട്ടിലേയ്ക്ക് നയിക്കുന്നതിനെതിരെയുള്ള ബഹുജന ഐക്യം പോരാട്ടങ്ങളായി അലയടിക്കണം.
കർഷകർക്കും തൊഴിലാളികൾക്കും ഒപ്പംചേർന്ന് ജനപക്ഷത്തുനിന്ന് പ്രവർത്തിക്കുന്ന പത്രമാണ് ദേശാഭിമാനി. ലക്ഷക്കണക്കിനുപേരാണ് ദിവസവും ദേശാഭിമാനിയെ കാത്തിരിക്കുന്നത്. ഇടതു പൈതൃകത്തെ കരുത്തോടെ മുന്നോട്ട് നയിക്കാൻ, ദേശാഭിമാനി കൂടുതൽ കരങ്ങളിലേക്ക് എത്തിക്കാനാകണമെന്നും വിജയരാഘവൻ പറഞ്ഞു.