ചിറയിൻകീഴ്
അനശ്വരനടൻ പ്രേംനസീറിന്റെ ചിറയിൻകീഴ് പുളിമൂട് ജങ്ഷന് സമീപമുള്ള വീട് സ്മാരകമാകില്ല, ലൈല കോട്ടേജ് വിൽക്കുന്ന തീരുമാനത്തിലുറച്ച് കുടുംബം. വീട് വിൽക്കുന്നുവെന്ന വാർത്ത പുറത്തുവന്നതിനെ തുടർന്ന് ഏതാനും മാസങ്ങൾക്കുമുമ്പ് സർക്കാർ സംരക്ഷണത്തിന് വീട് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് കെ ബി ഗണേഷ്കുമാർ എംഎൽഎ ബന്ധുക്കളെ സമീപിച്ചെങ്കിലും അവർ അനകൂലിച്ചില്ല.
പ്രേം നസീറിന്റെ നാലു മക്കളിൽ മൂത്തയാൾ ലൈലയുടെ പേരിലാണ് വീട്. -കോരാണി റോഡിൽ 50 സെന്റിൽ മൂവായിത്തോളം സ്ക്വയർഫീറ്റ് വിസ്തൃതിയുണ്ട് എട്ടു മുറിയുള്ള ഇരുനിലവീടിന്. ദീർഘനാളായി അടച്ചിട്ടിരുന്നതിനാൽ വീട് കാടുകയറി നശിച്ചിരിക്കുകയാണ്.
പ്രേംനസീർ ഇളയ മകൾ റീത്തയ്ക്കാണ് വീട് നൽകിയത്. റീത്തയുടെ ഇളയ മകൾ രേഷ്മയാണ് അവകാശി. ഇവർ കുടുംബസമേതം അമേരിക്കയിൽ സ്ഥിരതാമസമായതിനാലാണ് വീട് വിൽപ്പനയ്ക്ക് വച്ചത്.
1956ലാണ് ലൈല കോട്ടേജ് പണി കഴിപ്പിച്ചത്. പ്രശസ്ത സംവിധായകനും നിർമാതാവുമായ പി സുബ്രഹ്മണ്യത്തിന്റെ നിർദേശത്തിലും മേൽനോട്ടത്തിലും തിരുവിതാംകൂർ രാജകുടുംബങ്ങളിലെ ജോലിക്കാരെക്കൊണ്ട് പണികഴിപ്പിച്ചതാണ് കെട്ടിടം. പ്രേംനസീറിന്റെ ബാപ്പ ഷാഹുൽ ഹമീദ് മരണമടഞ്ഞതും ഈ വീട്ടിലാണ്. സഹോദരി അനീസാ ബീവിയും ഭാര്യാ സഹോദരൻ ലത്തീഫുമായുള്ള വിവാഹവേദിയും ലൈല കോട്ടേജായിരുന്നു. ഏറ്റവും കൂടുതൽ കാലം ഇവിടെ താമസിച്ചതും ഇവരായിരുന്നു.