ന്യൂഡൽഹി
രാജീവ് കുമാർ രാജിവച്ചതിനെ തുടർന്ന് സുമൻ കെ ബേരിയെ നിതി ആയോഗ് വൈസ് ചെയർമാനായി കേന്ദ്രസർക്കാർ നിയമിച്ചു. ബേരി മെയ് ഒന്നിനു ചുമതലയേൽക്കും.
വിദേശസർവകലാശാലകളിൽനിന്ന് ഉന്നത ബിരുദങ്ങൾ നേടിയ ബേരി നാഷണൽ കൗൺസിൽ ഫോർ അപ്ലൈഡ് ഇക്കണോമിക്സ് റിസർച്ചിന്റെ മുൻ ഡയറക്ടർ ജനറലാണ്. മൻമോഹൻസിങ് സർക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശക കൗൺസിൽ അംഗമായിരുന്നു.
സ്റ്റാറ്റിസ്റ്റിക്കൽ കമീഷൻ, റിസർവ് ബാങ്ക് പണനയ ഉപദേശകസമിതി എന്നിവയിലും പ്രവർത്തിച്ചു.രാജീവ്കുമാർ 2017ൽ നിതി ആയോഗ് വൈസ് ചെയർമാനായി ചുമതലയേറ്റശേഷം എഴുതിയ ലേഖനത്തിൽ, രാജ്യത്തെ സാമ്പത്തികനയ രൂപീകരണത്തിൽ അമേരിക്കൻപ്രവർത്തന പശ്ചാത്തലമുള്ള വിദഗ്ധരുടെ സ്വാധീനം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു.
മുൻഗാമിയായ അരവിന്ദ് പനഗരിയയെയും റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജനെയും ഉദ്ദേശിച്ചാണ് രാജീവ്കുമാർ ഈ അഭിപ്രായം പ്രകടിപ്പിച്ചത്. എന്നാൽ, രാജീവ്കുമാറിനുശേഷം വീണ്ടും അമേരിക്കൻ പ്രവർത്തന അനുഭവമുള്ള വിദഗ്ധൻ നിതി ആയോഗിനെ നയിക്കാൻ എത്തുകയാണ്.ആസൂത്രണ കമീഷൻ നിർത്തലാക്കിയശേഷം മോദിസർക്കാർ സ്ഥാപിച്ചതാണ് നീതി ആയോഗ്.