തൃശൂർ
അക്ഷരങ്ങളുടെയും അച്ചടിയുടെയും കരുത്തിൽ നേരിന്റെ ശബ്ദമായി പുതിയ മുഖവുമായി ദേശാഭിമാനി ഉയരങ്ങളിലേക്ക്. ജനപക്ഷത്തുനിന്നുള്ള 22 വർഷത്തെ കുതിപ്പിന് കരുത്തേകാൻ ദേശാഭിമാനി തൃശൂർ യൂണിറ്റിന് സമ്പൂർണമായി ബഹുവർണ അച്ചടി സാധ്യമാകുന്ന പ്രസ് സ്വന്തം. യുഗപ്രഭാവനായ ഇ എം എസിന്റെ പേരിലുള്ള തൃശൂർ ദേശാഭിമാനിയിലെ പുതിയ പ്രിന്റിങ് യൂണിറ്റ് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വിച്ച് ഓൺ ചെയ്തു.
തൃശൂർ കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ (ജവഹർലാൽ കൺവൻഷൻ സെന്റർ) നടന്ന ഉദ്ഘാടനച്ചടങ്ങിൽ പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ അധ്യക്ഷനായി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും ഉപഹാരങ്ങൾ സമ്മാനിച്ചു.
ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു, ജില്ലാ സെക്രട്ടറി എം എം വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ സി മൊയ്തീൻ, എൻ ആർ ബാലൻ, മേയർ എം കെ വർഗീസ്, ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി ബി പരമേശ്വരൻ, യൂണിറ്റ് മാനേജർ ഐ പി ഷൈൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി പഴയകാല ഏജന്റുമാരെയും മുതിർന്ന ഏരിയ ലേഖകനേയും ആദരിച്ചു. അവാർഡുകൾ ലഭിച്ച ദേശാഭിമാനിയിലെ പത്ര പ്രവർത്തകർക്കും ദേശാഭിമാനിയുടെ പരസ്യദാതാക്കൾക്കും നവീകരണ പ്രവൃത്തികൾ നടത്തിയ ഒല്ലൂക്കര ലേബർ കോൺട്രാക്ട് സംഘം ഭാരവാഹികൾക്കും ഉപഹാരം നൽകി. ജനപ്രതിനിധികൾ, രാഷ്ട്രീയ–- കലാ–- സാംസ്കാരിക–- മത നേതാക്കൾ പങ്കെടുത്തു. വിസ്മയക്കാഴ്ചയൊരുക്കി സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി ആൻഡ് ബാൻഡിന്റെ സംഗീതനിശയുമുണ്ടായി.