ന്യൂഡൽഹി
ഡൽഹി ജഹാംഗിർപുരി കലാപത്തിന്റെ മുഖ്യസൂത്രധാരനും പ്രാദേശിക ബിജെപി നേതാവുമായ അൻസാൻ ഷേയ്ഖിനെതിരെ ഇഡി അന്വേഷണം. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നുകാട്ടി സിറ്റി പൊലീസ് കമീഷണർ രാകേഷ് അസ്താന കത്തുനൽകിയിരുന്നു. ദേശീയ സുരക്ഷാ നിയമവും ചുമത്തി. ബംഗാളിലെ ഹാൽദിയ സ്വദേശിയായ അൻസാർ പത്തുവർഷമായി കുടുംബസമേതം ജഹാംഗിർപുരിയിലാണ് താമസം. ഹാൽദിയയിൽ ആഡംബര ബംഗ്ലാവുണ്ട്. ആക്രി കച്ചവടക്കാരനായ അൻസാറിന് ഇത്ര വലിയ നിക്ഷേപങ്ങൾക്കുള്ള സ്രോതസ്സ് എന്താണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്താനായില്ല.
തുടർന്നാണ് ഇഡിക്ക് കൈമാറിയത്. വിദേശപണം ലഭിക്കുന്നതായും വൻതോതിൽ കള്ളപ്പണം റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ നിക്ഷേപിക്കുന്നതായും സൂചനയുണ്ട്. അനധികൃത ചൂതാട്ടകേന്ദ്രവും നടത്തിയിരുന്നു. വലിയ സ്വർണമാലയും തോക്കുമായി അൻസാർ ആഡംബര കാറിനുമുന്നിൽ നിന്നെടുത്ത ചിത്രങ്ങൾ നേരത്തേ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഒരു വ്യാപാരിയെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തതാണ് ഈ കാറെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു.
ആസൂത്രണം മൂന്നുദിവസംമുമ്പ്
ഇതുവരെ വർഗീയ സംഘർഷങ്ങൾ ഉണ്ടായിട്ടില്ലാത്ത ജഹാംഗിർപുരിയിൽ അൻസാറും സംഘവും കലാപത്തിന് ഗൂഡാലോചന നടത്തിയത് മൂന്നുദിവസം മുമ്പാണെന്ന് എഫ്ഐആർ. ഹനുമാൻ ജയന്തി ആഘോഷങ്ങളിൽ ബോധപൂർവം സംഘർഷം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ആദ്യ രണ്ടു ഘോഷയാത്രയും കാര്യമായ പ്രകോപനമില്ലാതെ കടന്നുപോയെങ്കിൽ ബജ്റംഗ്ദൾ, വിഎച്ച്പി നേതാക്കളായ പ്രേം ശർമ, ബ്രഹ്മപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഘോഷയാത്രയ്ക്കിടെ ആസൂത്രിതഅക്രമം അരങ്ങേറി.
അൻസാർ ഇവരുമായി ചേർന്ന് നടത്തിയ ഗുഡാലോചയാണോ കലാപത്തിലെത്തിച്ചതെന്ന സംശയവും ഇതോടെ ബലപ്പെട്ടു. ബജ്റംഗ്ദൾ, വിഎച്ച്പിക്കാർ മുൻകൂട്ടി നിശ്ചയിച്ചപോലെ പള്ളി ആക്രമിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് കല്ലേറ് തുടങ്ങിയത്.
അൻസാർ ന്യൂനപക്ഷ യുവാക്കളോട് കല്ലും കുപ്പിയുമെറിയാൻ നിർദേശിച്ചെന്ന മൊഴിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. നിലവിൽ 25 പേർ അറസ്റ്റിലായി. വീഡിയോ ദൃശ്യങ്ങളിൽനിന്ന് 27 പേരെക്കൂടി തിരിച്ചറിഞ്ഞു.