കണ്ണൂർ> കണ്ണൂർ ബാറിലെ പ്രമുഖ അഭിഭാഷകനും സാമൂഹ്യ സംസ്കാരികപ്രവർത്തകനുമായ ചാലാട് എരിഞ്ഞാറ്റുവയലിലെ ഹരിതയിൽ അഡ്വ എം വി ഹരീന്ദ്രൻ (59) അന്തരിച്ചു. കരൾരോഗ ബാധിതനായി കണ്ണൂർ എകെജി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ഞായർ വൈകിട്ട് നാലിന് പയ്യാമ്പലത്ത്. മൃതദേഹം ഞായർ രാവിലെ 11 മുതൽ ചാലാട്ടെ വീട്ടിലും പകൽ മൂന്നിന് കണ്ണൂർ കോടതി കോമ്പൗണ്ടിലും പൊതുദർശനത്തിന് വെക്കും.
ദേശാഭിമാനി ബാലസംഘത്തിന്റെ പ്രവർത്തകനായാണ് പൊതുരംഗത്ത് സജീവമായത്. കണ്ണൂർ എസ്എൻ കോളേജിലും കോഴിക്കോട് ഗവ ലോ കോളേജിലും എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്നു. സിപിഐ എം കണ്ണൂർ ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി ആയും പ്രവർത്തിച്ചു. കണ്ണൂർ ബാർ അസോസിയേഷൻ പ്രസിഡന്റ്, ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം, പുരോഗമന കലാ സാഹിത്യ സംഘം ജില്ല കമ്മിറ്റി അംഗം, പള്ളിക്കുന്ന് അഗ്രി ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പരേതരായ കുമാരന്റെയും പാറുവിന്റെയും മകനാണ്. ഭാര്യ: അഡ്വ പ്രീത കുമാരി (മുൻ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്). മക്കൾ: ഡോ ഹിത (റിയാദ്), ഹരിത (മൂന്നാം വർഷ എൽഎൽബി വിദ്യാർഥി, പാലയാട് ക്യാമ്പസ് ). മരുമകൻ: മിഥുൻ (സോഫ്റ്റ് വെയർ എൻജിനീയർ, റിയാദ്). സഹോദരങ്ങൾ: രവീന്ദ്രൻ, അശോകൻ, കമല, പ്രസീത, പരേതരായ രമ, രതി.