കണ്ണൂർ> ഹരിദാസൻ വധക്കേസ് പ്രതിയായ ആർഎസ്എസ് നേതാവ് നിജിൽദാസ് ഒളിവിൽ കഴിഞ്ഞ പാണ്ട്യാലമുക്കിലെ വീട്ടുടമ അണ്ടലൂരിലെ പ്രശാന്തിന് സിപിഐ എമ്മുമായി ഒരു ബന്ധവുമില്ലെന്ന് പിണറായി ഏരിയസെക്രട്ടറി കെ ശശിധരൻ അറിയിച്ചു.
സമീപകാലത്തായി ആർഎസ്എസുമായാണ് അടുപ്പവും ബന്ധവും പുലർത്തിയത്. ശബരിമല വിധിയെ തുടർന്ന് പരസ്യമായി ആർഎസ്എസ് അനുകൂല നിലപാടാണ് സ്വീകരിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ 2021ൽ അണ്ടലൂർ കാവിലെ ഉത്സവം ജനക്കൂട്ടമില്ലാതെ നടത്താൻ ക്ഷേത്രകമ്മിറ്റിയും ഊരാളന്മാരും തറവാട്ടുകാരും തീരുമാനിച്ചപ്പോൾ അതിനെതിരെ ആർഎസ്എസ് നടത്തിയ നാമജപഘോഷയാത്രക്ക് സഹായം ചെയ്തതും പ്രശാന്ത് ഉൾപ്പെട്ട സംഘമാണ്.
ക്ഷേത്രം കുടുംബസ്വത്താണെന്ന വാദം ഉന്നയിച്ച് വിഭാഗീയത സൃഷ്ടിക്കാനും ശ്രമിച്ചു. ഈ ബന്ധത്തിന്റെ കൂടി ഭാഗമായാണ് പ്രശാന്തിന്റെ ഭാര്യ രേഷ്മ കൊലക്കേസ് പ്രതിയെ വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിച്ചതെന്നും ഏരിയസെക്രട്ടറി കെ ശശിധരൻ പറഞ്ഞു.