ന്യൂഡൽഹി> ജഹാംഗിർപുരിയിൽ അധികൃതരുടെ വേട്ടയാടലിനിരയായി ഉപജീവന സാഹചര്യം നഷ്ടപ്പെട്ട കുടുംബങ്ങളെ എസ്എഫ്ഐ അഖിലേന്ത്യാ നേതാക്കൾ സന്ദർശിച്ചു. എസ്എഫ്ഐ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, പ്രസിഡന്റ് വി പി സാനു, ജോയിന്റ് സെക്രട്ടറി ദിനിത് ദെണ്ട, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിതീഷ് നാരായണൻ എന്നിവരുൾപ്പെട്ട സംഘമാണ് സംഭവസ്ഥലം സന്ദർശിച്ചത്.
അൻപതോളം കുടുംബങ്ങളാണ് ബിജെപി വേട്ടയാടലിൽ വഴിയാധാരമാക്കപ്പെട്ടത്. ഒട്ടേറെ കുടുംബങ്ങൾ ഭീതിദമായ സാഹചര്യത്തിലാണ് കഴിയുന്നതും. പല കുടുംബങ്ങളിലെയും കുട്ടികളുടെ വിദ്യാഭ്യാസം അവസാനിക്കുന്ന സാഹചര്യമാണുള്ളതെന്ന് ദുരിതബാധിതർ എസ്എഫ്ഐ നേതാക്കളോട് പറഞ്ഞു. ഈ സംഭവം കാരണം വിദ്യാഭ്യാസത്തിനുള്ള സാഹചര്യം നഷ്ടമായവരുടെ വിദ്യാഭ്യാസ ചെലവ് എസ്എഫ്ഐ ഏറ്റെടുക്കുമെന്ന് നേതാക്കൾ ദുരിതബാധിത കുടുംബങ്ങളെ അറിയിച്ചു. മറ്റ് പുരോഗമന, ജനാധിപത്യ സംഘടനകളോടും ഇതിനായി മുന്നോട്ടുവരാൻ അഭ്യർത്ഥിക്കുന്നതായും എസ്എഫ്ഐ നേതാക്കൾ പറഞ്ഞു.