തിരുവനന്തപുരം
പക്ഷി–- മൃഗ വാക്സിൻ നിർമാണത്തിൽ വൻ നേട്ടവുമായി പാലോട് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്. വാക്സിൻ ഉൽപ്പാദനത്തിൽ രാജ്യത്തെ എണ്ണം പറഞ്ഞ സ്ഥാപനമാണ് പാലോട്ടേത്. സംസ്ഥാനത്തെ ഏകവും. 2020-–-21-ൽ മാത്രം 217.02 ലക്ഷം ഡോസ് പൗൾട്രി വാക്സിനും (പക്ഷികൾക്കുള്ളത്) കന്നുകാലികൾക്കുള്ള 5.42 ലക്ഷം ഡോസുമാണ് ഇവിടെ ഉൽപ്പാദിപ്പിച്ചത്. പൗൾട്രി വാക്സിനിൽ 83.5 ശതമാനവും കന്നുകാലി വാക്സിനിൽ 185.3 ശതമാനവുമാണ് വർധന.
കോഴികളിലെ റാണിഖേട്ട് രോഗത്തിനുള്ള ആർഡിവി കെ (റാണിഖേട്ട് ഡിസീസ് വാക്സിൻ കെ) വാക്സിനാണ് ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിച്ചത്. താറാവ് വസന്തയ്ക്കുള്ള ഡിപിവി, പൂച്ചകൾക്കും നായ്ക്കൾക്കുമുള്ള എഫ്പിവി, റാണിഖേട്ട് ഡിസീസ് വാക്സിൻ എഫ് തുടങ്ങിയവയും ഇൻസ്റ്റിറ്റ്യൂട്ടിൽ ഉൽപ്പാദിപ്പിക്കുന്നതിൽ പ്രധാനമാണ്.