ലിവ്യൂ
49 ലക്ഷം പേർ ഉക്രയ്ൻനിൽനിന്ന് പലായനം ചെയ്തതായി യുഎൻ അറിയിച്ചു. റഷ്യ ഏറെക്കുറെ നിയന്ത്രണം പിടിച്ച മരിയൂപോളിൽനിന്നടക്കം മാനുഷിക ഇടനാഴികൾവഴി ഒഴിപ്പിക്കൽ തുടുരുന്നുണ്ട്. അതേസമയം, പടിഞ്ഞാറൻ ഉക്രയ്നിലെ ലിവ്യൂവിൽ റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടെന്ന് ഉക്രയ്ൻ. 11 പേർക്ക് പരിക്കേറ്റു. ഷെൽ ആക്രമണത്തിൽ ഖർകിവിൽ രണ്ടു പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഡോണെട്സ്ക്, ലുഹാൻസ്ക് പ്രദേശത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്ന സാധാരണക്കാരെ റഷ്യൻ സൈന്യം വെടിവയ്ക്കുകയാണെന്ന് ഉക്രയ്ന് ആരോപിച്ചു.
ഡോണെട്സ്കിൽ
ഷെല്ലാക്രമണം
ഉക്രയ്ൻ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിൽ ഡോണെട്സ്ക് ജനകീയ റിപ്പബ്ലിക്കിലെ 25 പേർക്ക് പരിക്കേറ്റതായി സൈനിക മേധാവി എഡ്വേർഡ് ബസുരിൻ പറഞ്ഞു. 14 ജനവാസ മേഖലയിലാണ് ആക്രമണമുണ്ടായത്. ഒരു ദിവസം 227 തവണയാണ് ഉക്രയ്ൻ സൈന്യം പല രീതിയിൽ ആക്രമിച്ചത്. പീരങ്കികളും മോർട്ടാറും ഷെല്ലാക്രമണവും ഉൾപ്പെടെയാണിത്. 14 പാർപ്പിട സമുച്ചയവും ആക്രമണത്തിൽ തകർന്നതായി ബസുരിൻ അറിയിച്ചു.
അതേസമയം, പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയോടെ ഈസ്റ്റർ ദിനത്തിൽ ഉക്രയ്ൻ സൈന്യം പള്ളികളിൽ ആക്രമണം നടത്തിയെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയം പറഞ്ഞു. സിപോസിയ, നികോലെവ്, ഒഡേസ, സുമി, ഖർകിവ് എന്നിവിടങ്ങളിലാണ് പ്രകോപനം സൃഷ്ടിക്കാൻ ഉക്രയ്ൻ സൈന്യം ആക്രമണം നടത്തുന്നത്.
ഉപരോധം പരാജയപ്പെട്ടെന്ന്
പുടിൻ
റഷ്യക്കെതിരെയുള്ള പാശ്ചാത്യ ഉപരോധം പരാജയപ്പെട്ടെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഉപരോധത്തിലൂടെ റഷ്യയുടെ സാമ്പത്തിക മേഖല ഉടൻ തകിടംമറിയുമെന്നും മാർക്കറ്റുകളിൽ ഭീതി പടർത്താമെന്നും ബാങ്കിങ് സംവിധാനം തകരുമെന്നുമാണ് പടിഞ്ഞാറൻ രാജ്യങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ, അത് നടപ്പായില്ലെന്ന് സാമ്പത്തിക വിദഗ്ധരുമായുള്ള വീഡിയോ കോളിൽ പുടിൻ പറഞ്ഞു. അപ്രതീക്ഷിതമായുണ്ടായ സമ്മർദത്തെ റഷ്യ നേരിട്ടു. റൂബിൾ ശക്തിപ്പെട്ടുവെന്നും ചരിത്രത്തിൽ ആദ്യമായി വർഷത്തിന്റെ ആദ്യപാദംതന്നെ രാജ്യത്ത് 5800 കോടി ഡോളറി (4.42 ലക്ഷം കോടിയിലധികം രൂപ) ന്റെ വ്യാപാരമിച്ചം ഉണ്ടായതായും പുടിൻ പറഞ്ഞു.