കൊളംബോ
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പ്രതിഷേധം രൂക്ഷമാകുന്നതിനിടെ ശ്രീലങ്കയിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു. പ്രസിഡന്റ് ഗോതബായ രജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായതോടെ പ്രധാനമന്ത്രി മഹിന്ദ രജപക്സെയെമാത്രം നിലനിർത്തി ഗോതബായയുടെ രണ്ട് സഹോദരൻമാരെയും അനന്തരവനെയും ഒഴിവാക്കിയാണ് പുതിയ മന്ത്രിസഭ. പരിചയക്കുറവുള്ളവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ചൊവ്വാഴ്ച പാർലമെന്റ് ചേർന്നേക്കും.
അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം
പുതിയ മന്ത്രിസഭ അധികാരമേറ്റതിനു പിന്നാലെ സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് ഒരുങ്ങി പ്രതിപക്ഷം. അവിശ്വാസം പാസാകാനുള്ള പിന്തുണയുണ്ടെന്നും ഉചിതമായ സമയത്ത് പ്രമേയം നൽകുമെന്നും പ്രതിപക്ഷ എംപി ഹർഷ ഡി സിൽവ പറഞ്ഞു. 42 എംപിമാർ പ്രതിപക്ഷത്തിനൊപ്പം നിൽക്കാമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
ശ്രീലങ്കൻ ഭരണഘടനയുടെ 20–ാം ഭേദഗതി അനുസരിച്ച് പ്രസിഡന്റിനെ ഇംപീച്ച്മെന്റുവഴി മാത്രമേ പുറത്താക്കാനാകൂ. രജപക്സെ അധികാരത്തിൽ വന്നതിനുശേഷം കൊണ്ടുവന്ന ഭേദഗതിയാണ് ഇത്. പ്രസിഡന്റിനെ പുറത്താക്കാൻ പാർലമെന്റിൽ മൂന്നിലൊന്ന് ഭൂരിപക്ഷവും സുപ്രീംകോടതിയുടെ അംഗീകാരവും വേണം.