ന്യൂഡൽഹി
പുറത്തുനിന്ന് എത്തിയ ബജ്റംഗദൾ യുവജനവിഭാഗം പ്രവർത്തകരാണ് വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗിർപുരിയിൽ ഏപ്രിൽ 16ന് വർഗീയ അസ്വാസ്ഥ്യം സൃഷ്ടിച്ചതെന്ന് ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം വ്യക്തമാക്കി. പൊലീസിന്റെ ഒത്താശയിലാണ് ഈ സംഘം പ്രദേശത്ത് മണിക്കൂറുകൾ അഴിഞ്ഞാടിയത്. തോക്കും വാളും വടിയുമായാണ് ഇരുനൂറോളം പേർ ജാഥ നടത്തിയത്. മുസ്ലിംപള്ളിയിൽ ബാങ്ക്വിളി നടക്കുമ്പോൾ ഇവർ കവാടത്തിൽ ആക്രോശിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
രണ്ടു പൊലീസ് വാഹനം ജാഥയ്ക്കൊപ്പം സഞ്ചരിച്ചെങ്കിലും നാല് പൊലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്. ജാഥയ്ക്ക് തുടർച്ചയായി ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായി. പുറത്തുനിന്നുള്ളവരുടെ ജാഥ പള്ളിയിൽ പ്രവേശിക്കുമെന്നും പൊലീസ് അവരെ തടയില്ലെന്നും നാട്ടുകാർ ഭയപ്പെട്ടു. ആദ്യദിവസത്തെ സംഘർഷത്തിനുശേഷവും പൊലീസ് പക്ഷപാതം തുടരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് ആദേശ് ഗുപ്ത, ഹൻസ്രാജ് എംപി എന്നിവർ പൊലീസ് സ്റ്റേഷനുള്ളിൽ വാർത്താസമ്മേളനം നടത്തി. അവർക്കുചുറ്റും ജയ്ശ്രീറാം വിളിച്ച് അനുയായികൾ നിലകൊണ്ടു.
പ്രദേശത്തുനിന്ന് മുസ്ലിം സമുദായത്തിലെ ചെറുപ്പക്കാരെ പൊലീസ് പിടികൂടുന്നു. എന്നാൽ, പ്രകോപനപരമായ ജാഥ നടത്തിയവർക്കെതിരെ നടപടിയില്ല. 40 വർഷമായി ഇവിടെ കഴിയുന്നത് ഡൽഹിനിവാസികളായ മുസ്ലിങ്ങളാണ്. അവരെ വിദേശികളായി മുദ്രകുത്തുന്നു. മുമ്പൊന്നും ഇവിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ല. ദക്ഷിണ ഡൽഹിയിൽ സസ്യേതര ഭക്ഷണം നിരോധിച്ചതിന്റെയും ജെഎൻയു ഹോസ്റ്റലിൽ ആക്രമണം നടത്തിയതിന്റെയും ചവ്ല ഗോരക്ഷാകേന്ദ്രത്തിൽ ഗോഹത്യ ആരോപിച്ച് കാവൽക്കാരനെ തല്ലിക്കൊന്നതിന്റെയും തുടർച്ചയാണ് ജഹാംഗിർപുരി സംഭവം. ജനങ്ങൾക്ക് കേന്ദ്രസർക്കാരിലും ഡൽഹി പൊലീസിലും വിശ്വാസം നഷ്ടപ്പെട്ടെന്നും വസ്തുതാന്വേഷണ സംഘാംഗങ്ങളായ രാജീവ് കൻവർ, ആശ ശർമ (സിപിഐ എം), ദിനേഷ് വാഷ്ണയി (സിപിഐ), രവി റായ് (സിപിഐ എംഎൽ), അമിത് (എഐഎഫ്ബി) എന്നിവർ പറഞ്ഞു.
വീണ്ടും കല്ലേറ്
വർഗീയ സംഘർഷമുണ്ടായ വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗിർപുരിയിൽ വീണ്ടും കല്ലേറ്. സംഘർഷത്തിനിടെ വെടിവച്ചെന്ന് ആരോപിക്കപ്പെടുന്ന സോനു എന്നയാളിന്റെ സിഡി പാർക്കിലുള്ള വീട്ടിൽ പരിശോധനയ്ക്ക് എത്തിയ പൊലീസ് സംഘത്തിനു നേർക്കാണ് തിങ്കളാഴ്ച കല്ലേറുണ്ടായത്. ഒളിവിൽ പോയ സോനുവിന്റെ ഭാര്യയെ ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ സ്ത്രീകൾ സംഘടിച്ച് പ്രതിഷേധിച്ചു. പിന്നാലെ വീടുകളുടെ മുകളിൽനിന്ന് കല്ലും ഇഷ്ടികയുമടക്കം എറിയുകയായിരുന്നു. കലാപം നടന്ന ബി, സി ബ്ലോക്കുകൾക്കു സമീപമാണ് കല്ലേറ് നടന്നത്. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഡിസിപി ഉഷ രംഗ്രോണി പറഞ്ഞു. തുടർ സംഘർഷങ്ങൾ ഒഴിവാക്കാൻ പ്രദേശത്തേക്കുള്ള വഴികൾ പൊലീസും സിആർപിഎഫും അടച്ചു. മാധ്യമങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി. ഇതുവരെ 23 പേർ അറസ്റ്റിലായി.
അതേസമയം, പൊലീസ് ഒരുവിഭാഗത്തെമാത്രം ലക്ഷ്യംവയ്ക്കുകയാണെന്ന് വ്യാപക ആരോപണം ഉയരുന്നു. ശനിയാഴ്ച ഹനുമാൻ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയ്ക്കിടെയാണ് സംഘർഷമുണ്ടായത്. പൊലീസ് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ അമൃത്പാൽ സിങ് ഖൽസ ചീഫ് ജസ്റ്റിസ് എൻ വി രമണയ്ക്ക് കത്ത് നൽകി.