മൂലമറ്റം> പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതി പെരിന്തൽമണ്ണ മാളിയേക്കൽ ജോൺസൺ(50) മുട്ടം ജില്ലാ കോടതിയിൽ കുഴഞ്ഞുവീണു. തുടർന്ന് പൊലീസ് ഇയാളെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കൾ പകൽ 12.30ഓടെയാണ് സംഭവം.
കേസിലെ ഒന്നാം പ്രതി കുമാരമംഗലം മംഗലത്ത് രഘു(51)വിനെയും ഇയാളെയും കേസിന്റെ തുടരന്വേഷണത്തിന് കസ്റ്റഡിയിൽ വിട്ടുനൽകണമെന്നുള്ള പൊലീസിന്റെ അപേക്ഷ കഴിഞ്ഞദിവസം കോടതി പരിഗണിച്ചിരുന്നു. ഇതിനാണ് രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കിയത്.
പ്രതികൾ രണ്ട് പേരും ജുഡീഷ്യൽ കസ്റ്റഡിയിൽ മുട്ടം ജില്ലാ ജയിലിലായിരുന്നു. പെൺകുട്ടിയുടെ അമ്മയടക്കം ഇതുവരെ എട്ടുപേർ കേസിൽ അറസ്റ്റിലായി.
മറ്റ് പ്രതികളെ കണ്ടെത്താൻ കൂടുതൽ ചോദ്യംചെയ്യലിന് വിധേയമാക്കേണ്ടതുണ്ടെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പി വി വഹിദ കോടതിയെ ബോധിപ്പിച്ചു. ഒന്നാം പ്രതിയെ പൊലീസ് കസ്റ്റഡിയിൽവിട്ട് അഡീഷണൽ സെഷൻസ് ജഡ്ജി നിക്സൻ എം ജോസഫ് ഉത്തരവായി. രണ്ടാംപ്രതി ആശുപത്രിയിൽനിന്ന് തിരികെ എത്തിയശേഷം കസ്റ്റഡി അപേക്ഷ വീണ്ടും പരിഗണിക്കും.