ആലപ്പുഴ > ഓൺലൈൻ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട് ആലപ്പുഴ സ്വദേശിനിയിൽനിന്ന് 10 ലക്ഷം രൂപ തട്ടിയ കേസിൽ റിമാൻഡിലായ പ്രതിയെ ചൊവ്വാഴ്ച കസ്റ്റഡിയിൽ വാങ്ങും. നൈജീരിയൻ പൗരൻ എനുക അരിൻസി ഇഫെന്നയെയാണ് (34) ആലപ്പുഴ സൈബർ ക്രൈം പൊലീസ് കസ്റ്റഡിയിൽ വാങ്ങുക. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നുമാണ് വിവരം.
നൈജീരിയൻ പൗരനെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ നിർണായക വിവരങ്ങൾ കിട്ടുമെന്നാണ് പ്രതീക്ഷ. ശനിയാഴ്ച ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ അക്കൗണ്ട് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി. പ്രതിയിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവയിൽ കൂടുതൽ വിവരങ്ങളുണ്ടാകുമെന്ന് അന്വേഷണസംഘം പറയുന്നു.
ഇയാൾ പിടിയിലായതോടെ വിവിധ സംസ്ഥാനങ്ങളിലെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് പുറത്തുവന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഏജന്റുമാരുള്ള വൻ റാക്കറ്റിലെ പ്രധാന കണ്ണിയാണിയാൾ. വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പുതിയ പരാതികൾ ലഭിച്ചിട്ടില്ല.
ഡേറ്റിങ് ആപ്പായ ക്വാക്ക് ക്വാക്കിലൂടെയാണ് യുവതി പ്രതിയെ പരിചയപ്പെടുന്നത്. അമേരിക്കയിൽ പൈലറ്റാണെന്നും ഇന്ത്യക്കാരിയെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. വാട്സ് ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ചു. ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്നും കൊണ്ടുവന്ന യുഎസ് ഡോളർ എക്സ്ചേഞ്ച് ചെയ്യാൻ ഇന്ത്യൻ രൂപ വേണമെന്നും പറഞ്ഞ് പലതവണയായി 10 ലക്ഷം രൂപയോളം തട്ടിയെടുത്തു. വീണ്ടും 11 ലക്ഷം ആവശ്യപ്പെട്ടതനുസരിച്ച് അയച്ചുകൊടുക്കാൻ എത്തിയപ്പോൾ ബാങ്ക് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. യുവതി വിവരം പൊലീസിൽ അറിയിച്ചു. സൈബർ സിഐ എം കെ രാജേഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
Highlights :
കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നുമാണ് വിവരം.