കൊല്ലം > പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് അധിനിവേശത്തിന്റെ ചരിത്രംപേറുന്ന തങ്കശ്ശേരി കോട്ടയിൽ (സെന്റ്തോമസ് ഫോർട്ട്)വിനോദ സഞ്ചാരികൾക്കായി ചുവന്ന പരവതാനി വിരിക്കുന്നു. പൗരാണിക കൊല്ലത്തിന്റെ സാംസ്കാരിക അടയാളമായ തങ്കശേരി കോട്ടയുടെ സംരക്ഷണത്തിന് പുരാവസ്തു വകുപ്പിന്റെ പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായാണ് മാസ്റ്റർപ്ലാന് ഒരുക്കുന്നത്.
1552ൽ പോർച്ചുഗീസുകാർ നിർമിക്കുകയും 1659ൽ ഡച്ചുകാർ തകർക്കുകയും 1669ൽ അവർതന്നെ പുനർനിർമിക്കുകയും ചെയ്തതാണ് കോട്ട. കാവൽ ആർച്ച് മുതൽ തങ്കശേരി പോസ്റ്റ്ഓഫീസ് വരെയാണ് പദ്ധതി നടപ്പാക്കുക. കോട്ട സംരക്ഷണം, തങ്കശേരി പോസ്റ്റ്ഓഫീസ് മ്യൂസിയം ആക്കുക, പോർച്ചുഗീസ് –-ഡച്ച് സെമിത്തേരി സംരക്ഷണം, ഇവിടങ്ങളിൽ പതിറ്റാണ്ടുകളായി താമസിക്കുന്നവരുടെ പുനരധിവാസം എന്നിവ അടങ്ങുന്നതാണ് മാസ്റ്റർപ്ലാൻ. എം മുകേഷ് എംഎൽഎയുടെ ആവശ്യപ്രകാരം 20 കോടി രൂപയുടെ മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അധീനതയിലാണ് അവശേഷിക്കുന്ന കോട്ട.
കൊല്ലം റാണി
ക്ഷണിച്ചു
പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൊല്ലം റാണിയുടെ അഭ്യർഥനപ്രകാരം പോർച്ചുഗീസുകാർ കൊല്ലത്ത് കച്ചവടത്തിന് എത്തി. പേരുകേട്ട ചൈനീസ് കമ്പോളമായിരുന്നു കൊല്ലം. എന്നാൽ, പോർച്ചുഗീസുകാർ അറബികളെ ആക്രമിച്ചു പണ്ടകശാല സ്ഥാപിക്കുകയും കച്ചവടത്തിന്റെ കുത്തക കൈക്കലാക്കുകയുംചെയ്തു. പിന്നീട് പണ്ടകശാല പുതുക്കിപ്പണിയുന്നതിന്റെ മറവിൽ അവർ തങ്കശേരി കോട്ട തീർത്തു. ഇന്ത്യയിൽ ആദ്യമായി ഒരു അധിനിവേശ ശക്തി കോട്ട നിർമിക്കുന്നത് കൊല്ലത്താണ്. ഇവിടുത്തെ പ്രസ്സിലാണ് ഡോക്ട്രീന ക്രിസ്റ്റീന എന്ന ബൈബിളിന്റെ തമിഴ്പതിപ്പ് അച്ചടിച്ചത്. പ്രസ്സ് സ്ഥാപിച്ച പ്രദേശം അച്ചുകൂടം പറമ്പ് എന്നാണ് അറിയപ്പെടുന്നത്. 1960ൽ ഡച്ചുകാർ കീഴടക്കുന്നതുവരെ കോട്ട പോർച്ചുഗീസ് അധീനതയിൽ ആയിരുന്നു. പിന്നീട് കോട്ട ബ്രിട്ടീഷുകാരുടെ കൈയിലെത്തിയപ്പോഴാണ് 1902ൽ തങ്കശേരി വിളക്കുമാടം സ്ഥാപിച്ചത്.
കലക്ടറേറ്റും ഗവർണർ വസതിയും
പൈതൃക ടൂറിസം പദ്ധതിയിൽ മ്യൂസിയമായി മാറുന്ന തങ്കശേരി പോസ്റ്റ്ഓഫീസ് ബ്രിട്ടീഷ് ഭരണകാലത്ത് കലക്ടറേറ്റും ഇന്നത്തെ ബിഷപ് ബംഗ്ലാവ് പോർച്ചുഗീസ് ഗവർണറുടെ വസതിയുമായിരുന്നു. 146ൽപ്പരം കൊളോണിയൽ കെട്ടിടങ്ങൾ കൊല്ലത്തുണ്ടായിരുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. തങ്കശേരി കോട്ട ഉൾപ്പെടെ ഡച്ച് – പോർച്ചുഗീസ് വാസ്തുവിദ്യയുടെ പ്രൗഢി പേറുന്നവയാണ്.
കോട്ട സംരക്ഷിക്കും
പൈതൃക ടൂറിസം പദ്ധതി നടപ്പാകുന്നതോടെ തങ്കശ്ശേരി കോട്ടയുടെ സംരക്ഷണം ഉറപ്പാക്കും. ഇതിനായുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കുന്ന ജോലിയിലാണ് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ. പദ്ധതിക്കായി നിരന്തര ഇടപെടൽ തുടരുന്നു – എം മുകേഷ് എംഎൽഎ.