കൊച്ചി
കെഎസ്ആർടിസിക്ക് വിപണി നിരക്കിൽ ഡീസൽ നൽകാൻ ഹൈക്കോടതി ഉത്തരവ്.കൂടുതൽ അളവ് ഡീസൽ വാങ്ങുന്നവർക്കുള്ള വില കുത്തനെ കൂട്ടി കെഎസ്ആർടിസിയെ തകർക്കാൻ ശ്രമിച്ച കേന്ദ്രസർക്കാരിനും എണ്ണക്കമ്പനികൾക്കും വിധി കനത്ത തിരിച്ചടിയായി. വില നിശ്ചയിച്ചതിൽ പ്രഥമദൃഷ്ട്യാ അപാകമുണ്ടെന്ന് കോടതി വ്യക്തമാക്കി. വിപണി നിരക്കിൽ ഡീസൽ ലഭിക്കുന്നതോടെ കെഎസ്ആർടിസിക്ക് മാസം 40 കോടി രൂപയോളം ചെലവ് കുറയ്ക്കാനാകും. കേന്ദ്രം പ്രതിസന്ധിയിലാക്കിയ സ്ഥാപനത്തിന് കോടതി വിധി ആശ്വാസമായി.
പൊതുവിപണിയിലെ വിലയേക്കാൾ ഉയർന്ന നിരക്കിൽ കോർപറേഷന് ഡീസൽ വിൽക്കാനുള്ള കമ്പനികളുടെ തീരുമാനം ചോദ്യം ചെയ്ത് കെഎസ്ആർടിസി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എൻ നഗരേഷിന്റെ ഉത്തരവ്. കമ്പനികളുടെ നിലപാട് ഏകപക്ഷീയമാണെന്നും കോടതി ഇടക്കാല ഉത്തരവിൽ ചൂണ്ടിക്കാട്ടി.
ഇന്ധനവില കൂട്ടാതിരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന എണ്ണക്കമ്പനികളുടെ വാദം കോടതി തള്ളി. ആഗോള സാഹചര്യങ്ങളിൽ അസംസ്കൃത എണ്ണ വില കൂടിയത് വിലവർധനയ്ക്ക് കാരണമായിട്ടുണ്ടെന്ന കമ്പനികളുടെ വാദവും കോടതി നിരസിച്ചു.
വിപണി വിലയ്ക്ക് ഡീസൽ നൽകണമെന്നാണ് കോർപറേഷൻ ആവശ്യപ്പെടുന്നതെന്നും എണ്ണക്കമ്പനികളുടെ നിലപാട് വിവേചനപരമാണെന്നുമായിരുന്നു കോർപറേഷൻ വാദം. വൻകിട ഗുണഭോക്താക്കളുടെ പട്ടികയിൽപ്പെടുത്തിയതോടെ പൊതുവിപണിയിലുള്ളതിനേക്കാൾ ലിറ്ററിന് 27.88 രൂപ അധികം നൽകി ഡീസൽ വാങ്ങേണ്ട ഗതികേടാണ് കേന്ദ്ര സർക്കാർ സൃഷ്ടിച്ചത്. കോവിഡിനെത്തുടർന്ന് മാന്ദ്യത്തിലായ പൊതുഗതാഗത മേഖല ഉണർന്നുവരുന്നതിനിടെയായിരുന്നു ഇരുട്ടടി. നിരക്ക് വർധന എല്ലാ പൊതുമേഖലാ ട്രാൻസ്പോർട്ടുകളെയും പ്രതികൂലമായി ബാധിച്ചെങ്കിലും കേരളം മാത്രമാണ് കോടതിയെ സമീപിച്ചത്. കെഎസ്ആർടിസിക്കുവേണ്ടി സുപ്രീംകോടതി അഭിഭാഷകൻ ദുഷ്യന്ത് ദവെ ഹാജരായി.
ആശ്വാസവിധി: ഗതാഗതമന്ത്രി
കെഎസ്ആർടിസിക്ക് വിപണി വിലയിൽ ഡീസൽ നൽകണമെന്ന ഹൈക്കോടതിവിധി ആശ്വാസകരമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. സംസ്ഥാനത്തിനു മാത്രമല്ല രാജ്യത്തെ പൊതുമേഖലാ ട്രാൻസ്പോർട്ടുകൾക്കും വിധി ആശ്വാസകരമാണ്. ഇത്തരമൊരു നിയമപോരാട്ടത്തിന് കെഎസ്ആർടിസി നേതൃത്വം നൽകിയത് അഭിമാനകരമാണ്. ശമ്പളവിതരണവുമായി എണ്ണവില കുറയലിന് ബന്ധമില്ല. നിലവിൽ കോടതി പറഞ്ഞതിനേക്കാളും താഴ്ന്ന വിലയ്ക്കാണ് കെഎസ്ആർടിസിക്ക് ഡീസൽ കിട്ടിയിരുന്നത്. നേരത്തേ 83 രൂപയ്ക്ക് ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 118 രൂപ നൽകണം. 40 കോടി രൂപവരെ അധിക ചെലവാണ് ഇതുവഴി ഉണ്ടായത്. ശമ്പളം കൊടുക്കാനുള്ള പണമാണ് ഇത്. കേന്ദ്ര സർക്കാർ വിഷയത്തിൽ അനുകൂല സമീപനമല്ല സ്വീകരിച്ചത്. എണ്ണക്കമ്പനികൾ അപ്പീൽ പോയാൽ നിയമപോരാട്ടം തുടരുമെന്നും മന്ത്രി പറഞ്ഞു.