സന്തോഷ്ട്രോഫി ഫുട്ബോളിന്റെ 75–-ാം പതിപ്പിനാണ് മലപ്പുറം സാക്ഷിയാകുന്നത്. മുക്കാൽ നൂറ്റാണ്ടിനിടയിൽ കേരളം ജേതാക്കളായത് ആറുതവണ മാത്രം. 1941ൽ തുടക്കം കുറിച്ച ചാമ്പ്യൻഷിപ്പിൽ ആദ്യ കിരീടം നേടാൻ 1973 വരെ കാത്തിരിക്കേണ്ടി വന്നു. ക്യാപ്റ്റൻ മണിയുടെ നേതൃത്വത്തിലായിരുന്നു ആദ്യ നേട്ടം. പിന്നീട് 19 വർഷത്തെ ഇടവേളക്ക് ശേഷം 1992ൽ വി പി സത്യന്റെ നായകത്വത്തിൽ രണ്ടാം കിരീടം. 1993, 2001, 2004, 2018 വർഷങ്ങളിൽ കേരളം ഇന്ത്യൻ ഫുട്ബോളിലെ രാജാക്കന്മാരായി. ആ ഓർമകളിലൂടെ അന്ന് ടീമിലുണ്ടായിരുന്നവർ നടത്തുന്ന സഞ്ചാരം…
കാത്തിരുന്ന വിജയം (1973 എറണാകുളം)
വിക്ടർ മഞ്ഞില
കേരള ഫുട്ബോളിന് ഒരിക്കലും മറക്കാനാവാത്ത ദിവസമാണ് 1973 ഡിസംബർ 27. എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ റെയിൽവേസിനോടായിരുന്നു ഫൈനൽ.
മണിയേട്ടൻ(ക്യാപ്റ്റൻ മണി) ആയിരുന്നു ക്യാപ്റ്റൻ. ഒളിമ്പ്യൻ സൈമൺ സുന്ദർരാജ് മുഖ്യകോച്ച്. തകർപ്പൻ പ്രകടനമാണ് ഫൈനലിൽ മണിയേട്ടൻ നടത്തിയത്. അദ്ദേഹത്തിന്റെ ഹാട്രിക്കിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് റെയിൽവേസിനെ തോൽപ്പിച്ചു. കേരളത്തിൽ ആദ്യമായി ഫ്ലഡ്ലിറ്റിൽ നടന്ന സന്തോഷ്ട്രോഫിയായിരുന്നു അത്. ഞാനും കെ പി സേതുമാധവനും അടക്കം 11 ഗോൾകീപ്പർമാർക്ക് ആ ചാമ്പ്യൻഷിപ്പിൽ പരിക്കുപറ്റി. രവീന്ദ്രൻ നായരാണ് നമ്മുടെ വല കാത്തത്.
ഗ്യാലറിയെല്ലാം നിറഞ്ഞു കവിഞ്ഞിരുന്നു. ടീം ജയിച്ചപ്പോൾ സന്തോഷ സൂചകമായി പിറ്റേന്ന് കേരള സർക്കാർ പൊതുഅവധി നൽകി. ടീമിലുണ്ടായിരുന്ന ക്യാപ്റ്റൻ മണി, കെ പി രത്നാകരൻ, കെ വി ഉസ്മാൻകോയ, സി ചേക്കു, ജോൺ കെ ജോൺ, ആർ കെ പെരുമാൾ എന്നിവർ നമ്മെ വിട്ടുപിരിഞ്ഞു.
വീറും വാശിയും കരുത്തായി
(1992 കോയമ്പത്തൂർ)
വി പി തോബിയാസ്
കോഴിക്കോട്ടെ ക്യാമ്പിന് ശേഷമാണ് കോയമ്പത്തൂർ സന്തോഷ്ട്രോഫി കളിക്കാൻ പോയത്. കേരളത്തിൽ കളിക്കുന്ന അതേപ്രതീതി. അത്രയ്ക്ക് മലയാളികൾ. വി പി സത്യനായിരുന്നു ക്യാപ്റ്റൻ. കോച്ച് ടി എ ജാഫർ സാർ 4–- 2–- 4 ഫോർമേഷനിലാണ് കളിപ്പിച്ചത്. സെമിയിൽ പശ്ചിമ ബംഗാളുമായിരുന്നു കളി. ഐ എം വിജയനും യു ഷറഫലിയും അടക്കമുള്ള 11 ഇന്റർനാഷണലുകൾ ബംഗാൾ ടീമിലുണ്ടായിരുന്നു. ഷൂട്ടൗട്ടിൽ(4–-3)ലാണ് ജയിച്ചത്. മാർച്ച് ഒമ്പതിനായിരുന്നു ഫൈനൽ. താരനിബിഡമായ ഗോവയായിരുന്നു ഏതിരാളികൾ. നല്ല ഒത്തിണക്കവുമായി നമ്മൾ കളിച്ചു. രാജീവനാണ് ആദ്യ ഗോൾ നേടിയത്. അഷീം രണ്ട് ഗോൾകൂടി നേടി ജയം ഉറപ്പിച്ചു (3–-0).
കരുത്തുറ്റ ടീം
(1993 എറണാകുളം)
യു ഷറഫലി
കേരളത്തിന്റെ ഏറ്റവും ശക്തമായ സന്തോഷ്ട്രോഫി ടീമാണ് 1993ൽ കളിക്കാനിറങ്ങിയത്. കുരികേശ് മാത്യു ക്യാപ്റ്റനും ടി എ ജാഫർ സാർ കോച്ചും. മഹാരാജാസ് സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ ആൾക്കൂട്ടം. താൽകാലിക ഗ്യാലറി നിറഞ്ഞു കവിഞ്ഞു. ടിക്കറ്റ് കിട്ടാതെ വലിയ ആൾക്കൂട്ടം പുറത്തുണ്ടായിരുന്നു. ഐ എം വിജയനും സി വി പാപ്പച്ചനും മിക്ക കളികളിലും ഗോൾ അടിച്ചുകൂട്ടി. മാർച്ച് രണ്ടിന് നടന്ന ഫൈനലിൽ മഹാരാഷ്ട്രയായിരുന്നു ഏതിരാളി. ആദ്യം അജിത്കുമാറും രണ്ടാംപകുതിയിൽ പാപ്പച്ചനും നേടിയ ഗോളിൽ കേരളം വിജയമുറപ്പിച്ചു. ടീമിലെ എല്ലാ താരങ്ങൾക്കും സർക്കാർ ജോലി നൽകി. പൊലീസിലുണ്ടായിരുന്ന ഞങ്ങൾക്കെല്ലാം വൺ സ്റ്റെപ്പ് പ്രമോഷൻ കിട്ടി.
ചെറുപ്പക്കാരുടെ സംഘം (2001 മുംബൈ)
ആസിഫ് സഹീർ
ഞങ്ങൾ ചെറുപ്പക്കാരുടെ നിരയായിരുന്നു. സ്റ്റാർ താരങ്ങളാരും ഉണ്ടായിരുന്നില്ല. വി ശിവകുമാറായിരുന്നു ക്യാപ്റ്റൻ. പീതാംബരൻ സാറിന്റെ കീഴിൽ കൂട്ടായ്മയുടെ വിജയമായിരുന്നു. സമ്മർദം ഒട്ടുമില്ലാതെ കളിച്ചു. അതിന്റെ ഗുണമുണ്ടായി.
ടൂർണമെന്റിൽ ആറ് ഗോൾ നേടാൻ എനിക്ക് കഴിഞ്ഞു. സഹോദരൻ ടി ഷബീർ അലിയും ടീമിലുണ്ടായിരുന്നു. 2001 നവംബർ 17ന് കൂപ്പറേജ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ അബ്ദുൾ ഹക്കിമിന്റെ ഹാട്രിക്കിൽ ഗോവയെ(3–-2) തോൽപിച്ചാണ് കിരീടം സ്വന്തമാക്കിയത്.
ഗോൾഡൻ ഗോൾ
(2004 ന്യൂഡൽഹി)
സിൽവസ്റ്റർ ഇഗ്നേഷ്യസ്
1999 മുതൽ ഒരുമിച്ചു കളിക്കുന്നവരായിരുന്നു ടീമിലെ അധികം പേരും. നല്ലൊരു ശതമാനം എസ്ബിടിക്കാർ. പീതാംബരൻ സാറിന്റെ കീഴിലുള്ള ഒരുമാസത്തെ പരിശീലനം കൂടിയായപ്പോൾ ടീം സെറ്റ് ആയി. ഒക്ടോബർ 31ന് ന്യൂഡൽഹി അംബേദ്കർ സ്റ്റേഡിയത്തിലായിരുന്നു ഫൈനൽ. പഞ്ചാബായിരുന്നു എതിരാളി. നിശ്ചിത സമയത്ത് 2–-2 ആയിരുന്നു സ്കോർ. ബിജീഷ് ബെന്നും അബ്ദുൾ നൗഷാദുമാണ് ഗോൾ നേടിയത്. ഗോൾഡൻ ഗോളിലൂടെ ടീമിന് കപ്പ് നേടി കൊടുക്കാനുള്ള മഹാഭാഗ്യം ക്യാപ്റ്റനായ എനിക്കുണ്ടായി. ജീവിതത്തിലെ ഏറ്റവും സുന്ദരനിമിഷങ്ങളിലൊന്നാണ് അത്.
ഷൂട്ടൗട്ട് കടമ്പ കടന്ന്
(2018 കൊൽക്കത്ത )
വി മിഥുൻ
സതീവൻ ബാലൻ സാറിന്റെ കീഴിലുള്ള ടീമിൽ ചെറുപ്പക്കാരായിരുന്നു ഭൂരിപക്ഷവും. രാഹുൽ വി രാജായിരുന്നു ക്യാപ്റ്റൻ. അഞ്ചോ ആറോ പേർക്കായിരുന്നു സന്തോഷ്ട്രോഫി കളിച്ച മുൻ പരിചയം. പക്ഷേ ഒരോ കളിയിലും ആധികാരിക വിജയം നേടി. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ഏപ്രിൽ ഒന്നിനായിരുന്നു ഫൈനൽ. എതിരാളികൾ കരുത്തരും ആതിഥേയരുമായ ബംഗാളും.
നിശ്ചിത സമയത്ത് എം എസ് ജിതിനും വിപിൻ തോമസും നമുക്ക് വേണ്ടി ഗോൾ നേടി. എന്നാൽ അവർ തിരിച്ചടിച്ച് ഒപ്പം പിടിച്ചു(2–-2).
പെനാൽറ്റി ഷൂട്ടൗട്ടിൽ ബംഗാളിന്റെ ആദ്യത്തെ രണ്ട് ഷോട്ടുകൾ തടുക്കാൻ വലക്ക് മുന്നിൽ നിന്ന എനിക്കായി. ഇന്നും ആ ത്രില്ല് പോയിട്ടില്ല. ജീവിതത്തിൽ ഇതുപോലൊരു അനുഭവം ഉണ്ടായിട്ടില്ല. അത്രയ്ക്ക് സന്തോഷമായിരുന്നു.