കൊച്ചി
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ള കെപിസിസി പ്രസിഡന്റിന്റെ നീക്കത്തിൽ കോൺഗ്രസിനുള്ളിൽ ഉരുൾപൊട്ടൽ. മുൻ എംഎൽഎ ഡൊമനിക് പ്രസന്റേഷൻ ബുധനാഴ്ച പരസ്യമായി പ്രതികരിച്ചു. വരും ദിവസങ്ങളിലും മറ്റ് നേതാക്കളും രംഗത്തുവരുമെന്നാണ് സൂചന.
പാർടിയിലോ മണ്ഡലത്തിലെ നേതാക്കളോടൊ ഇതുവരെ സ്ഥാനാർഥിയെകുറിച്ച് ചർച്ച ചെയ്തിട്ടില്ല. എന്നാൽ, കഴിഞ്ഞദിവസം പി ടി തോമസിന്റെ വസതി സന്ദർശിച്ച കെ സുധാകരനും വി ഡി സതീശനുമാണ് സ്ഥാനാർഥിയെപ്പറ്റി സൂചന നൽകിയത്. ഇതിൽ എ, ഐ ഗ്രൂപ്പുകൾ ഒരുപോലെ അതൃപ്തരാണ്.
മണ്ഡലത്തിൽ താമസിക്കുന്ന നേതാക്കളായ ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ, ഡൊമിനിക് പ്രസന്റേഷൻ, എൻ വേണുഗോപാൽ, ദീപ്തിമേരി വർഗീസ് എന്നിവരെ അറിയിക്കുകപോലും ചെയ്യാതെയാണ് പി ടി തോമസിന്റെ വസതിലെത്തിയത്. ബ്ലോക്ക് പ്രസിന്റുമാരെയും അറിയിച്ചില്ല. മണ്ഡലത്തിൽ ഒമ്പത് ജില്ലാ സെക്രട്ടറിമാരുണ്ട്. അവരുമായും ചർച്ച ചെയ്തില്ല. ശക്തനായ സ്ഥാനാർഥിയുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ പറയുമെന്നുമാണ് സുധാകരൻ അവിടെ പ്രതികരിച്ചത്.
പി ടി തോമസിന്റെ 10 ലക്ഷം രൂപ കടബാധ്യത തീർക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കളെയും പണം നൽകാൻ പോയപ്പോൾ അവഗണിച്ചു. സ്ഥാനാർഥിയെക്കുറിച്ചുള്ള ചാനൽ ചർച്ചയിലാണ് യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ വ്യത്യസ്താഭിപ്രായം പറഞ്ഞത്.
സ്ഥാനാർഥിയെ തീരുമാനിച്ചോ എന്ന ചോദ്യത്തിന് പി ടി തോമസിന്റെ നിലപാടും പ്രധാനമാണെന്നാണ് ഡൊമിനിക് പ്രസന്റേഷൻ പ്രതികരിച്ചത്. ബാലഗോപാലനെ എണ്ണ തേപ്പിക്കല്ലേ എന്ന് കെ കരുണാകരന്റെ മുഖത്തുനോക്കി പറഞ്ഞയാളാണ് പി ടിയെന്നാണ് ഡൊമിനിക് ചൊവ്വാഴ്ച പറഞ്ഞത്. കുടുംബവാഴ്ചയെ പി ടി എതിർത്തിരുന്നു എന്ന സൂചനയാണ് ഇതിനുപിന്നിൽ. പൊതുസമ്മതികൂടി പരിഗണിച്ചാകണം സ്ഥാനാർഥി നിർണയം എന്നും ബുധനാഴ്ച ഒരു ചാനലിനോട് അദ്ദേഹം പ്രതികരിച്ചു. സതീശൻ പ്രതിപക്ഷനേതാവായശേഷം പാടേ അവഗണിക്കുകയാണെന്ന പരാതിയുള്ള ഐ ഗ്രൂപ്പിന്റെ പ്രതിഷേധം കഴിഞ്ഞദിവസം എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ പ്രതികരണത്തിലൂടെ പുറത്തുവന്നതാണ്. രമേശ് ചെന്നിത്തലയുടെ അറിവോടെയാണിതെന്നാണ് സൂചന.
മുഹമ്മദ് ഷിയാസിനെ ഡിസിസി പ്രസിഡന്റാക്കി ജില്ലാ നേതൃത്വം സതീശൻ തട്ടിയെടുത്തതോടെ പൂർണമായി അവഗണിക്കപ്പെട്ടു എന്ന വികാരമാണ് ഐ ഗ്രൂപ്പിന്. എ ഗ്രൂപ്പിന്റെ അക്കൗണ്ടിലാണെങ്കിലും രാജ്യസഭാ സീറ്റ് സതീശനും കെ സി വേണുഗോപാലും കരുനീക്കി ജില്ലയിൽ ആരുമറിയാതെ ജെബി മേത്തറിനു നൽകിയത് എ ഗ്രൂപ്പിനെയും രോഷംകൊള്ളിക്കുന്നു.