കൊച്ചി> സംസ്ഥാനത്ത് അഞ്ചുവർഷംകൊണ്ട് 40 ലക്ഷം പുതിയ തൊഴിലവസരം സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര സർക്കാർ നിയമനങ്ങൾ മരവിപ്പിച്ചിരിക്കുമ്പോൾ കേരളം ഇത്രയധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചതും നിയമനം നടത്തിയതും ബദൽ നയങ്ങൾ ഉയർത്തിപ്പിടിച്ചതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്ത് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്റർ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിലെ യുപിഎസ്സി അഞ്ചുവർഷംകൊണ്ട് 16,000 നിയമനം മാത്രമാണ് നടത്തിയത്. സ്റ്റാഫ് സെലക്ഷൻ കമീഷൻ 1,47,000 നിയമനവും. റെയിൽവേയിൽ തസ്തികകൾ ഒഴിച്ചിട്ടിരിക്കുകയാണ്. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിർത്തലാക്കി. മറ്റു കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ നിയമനം മരവിപ്പിച്ചു. എന്നാൽ, 2016നുശേഷം സംസ്ഥാന സർക്കാർ 1,81,000 നിയമനം നടത്തി. 27,000 പുതിയ തസ്തിക സൃഷ്ടിച്ചു. ആഗോളവൽക്കരണ, ഉദാരവൽക്കരണ നയങ്ങൾ നടപ്പാക്കുന്നതിനു പകരം ബദൽ നയങ്ങൾ നടപ്പാക്കിയതുകൊണ്ടാണ് ഇതു സാധിച്ചത്.
സംസ്ഥാന സമ്പദ്ഘടനയെ വിജ്ഞാന സമ്പദ്ഘടനയായി പുതുക്കിപ്പണിയുകയാണ് സർക്കാർ ലക്ഷ്യം. ലോകമാകെ നടക്കുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസത്തോടൊപ്പം നൈപുണ്യ വികസനവും സാധ്യമാക്കാൻ സംസ്ഥാനതലത്തിൽ മാത്രമല്ല, ജില്ലകളിലും മണ്ഡലങ്ങളിലും സ്കിൽ പാർക്കുകൾ സ്ഥാപിക്കും. ആർട്സ് –-സയൻസ് കോളേജുകളിൽ മാത്രമല്ല പോളിടെക്നിക്കുകളിലും ഐടിഐകളിലും സ്കിൽ കോഴ്സുകൾ ഏർപ്പെടുത്തും. ഐടി രംഗത്തും വലിയ മാറ്റമാണുണ്ടാകുക. തിരുവനന്തപുരം–-കൊല്ലം, കൊച്ചി–-ചേർത്തല, കൊച്ചി–-കൊരട്ടി ഐടി ഇടനാഴികൾ ഇതിന്റെ ഭാഗമായി വരും.
സിൽവർലൈൻ പദ്ധതിയിലൂടെ 64,000 കോടിയുടെ അടിസ്ഥാനസൗകര്യ വികസനമാണ് കേരളത്തിൽ നടപ്പാക്കുക. വ്യവസായ, സംരംഭക കേന്ദ്രങ്ങൾ ഉണ്ടാകും. പദ്ധതിക്കെതിരായ പ്രചാരണങ്ങളെ ജനങ്ങൾ തള്ളിക്കളഞ്ഞത് ഇതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.