തിരുവനന്തപുരം> അപ്രതീക്ഷിതമായി രൂപംകൊണ്ട ചക്രവാത ചുഴിയിലും വേനൽ മഴയിലും കർഷകർ ജാഗ്രത പാലിക്കണമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കൃഷിനാശം ഉണ്ടായേക്കാമെന്നു കരുതുന്ന സ്ഥലങ്ങളിൽ അവ സമയബന്ധിതമായി നഷ്ടപരിഹാരത്തിന് റിപ്പോർട്ട് ചെയ്യുന്നതിനും തുടർ നടപടികൾക്കുമായി അത്തരം മേഖലകളിലെ കൃഷിവകുപ്പിന്റെ ബന്ധപ്പെട്ട ഓഫീസുകൾ അവധി ദിവസങ്ങളിലും തുറന്നു പ്രവർത്തിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
വെള്ളക്കെട്ട് കാരണമുള്ള വിളനാശനഷ്ടം ഒഴിവാക്കാൻ കൃഷിവകുപ്പിന്റെ എൻജിനീയറിങ് വിഭാഗവും, ജില്ലാ കൃഷി ഓഫീസറും ജില്ലാ ഭരണകൂടം, ജലസേചന വകുപ്പ്, തദ്ദേശസ്ഥാപനം എന്നിവയുടെ സഹകരണത്തോടെ നടപടിയെടുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.