കൊച്ചി> കോൺഗ്രസ് നേതാവ് രാമഭദ്രൻ കൊല്ലപ്പെട്ട കേസിൽ സിപിഐ എം നേതാവും കശുവണ്ടി വികസന കോർപറേഷൻ ചെയർമാനുമായ ജയമോഹനെതിരെ കൊലക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി. ജയമോഹനെതിരെ കൊലക്കുറ്റം ആരോപിച്ച് കുറ്റപത്രം തയ്യാറാക്കിയ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടെ ഉത്തരവ് ജസ്റ്റിസ് കെ ഹരിപാൽ റദ്ദാക്കി. കൊലക്കുറ്റം ഒഴിവാക്കി കുറ്റപത്രം തയ്യാറാക്കാൻ സിബിഐ കോടതിക്ക് ഹൈക്കോടതി ഒരുമാസം സാവകാശം നൽകി.
കേസിൽനിന്ന് ഒഴിവാക്കണമെന്ന ജയമോഹന്റെ ഹർജി സിബിഐ കോടതി തള്ളിയിരുന്നു. ഇതിനെതിരെ ഹർജിക്കാരൻ സമർപ്പിച്ച റിവിഷൻ ഹർജി അനുവദിച്ചാണ് കോടതി നടപടി. 2010 ഏപ്രിൽ പത്തിനാണ് രാമഭദ്രൻ കൊല്ലപ്പെട്ടത്. കൊല്ലം ഏരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. പിന്നീട് രാമഭദ്രന്റെ ഭാര്യയുടെ ഹർജിയിൽ അന്വേഷണം ഹൈക്കോടതി സിബിഐക്ക് കൈമാറി. തുടരന്വേഷണത്തിന് സിബിഐ കോടതിയും നിർദേശിച്ചു. സിബിഐ നൽകിയ കുറ്റപത്രത്തിൽ പ്രതികളെ ഒളിവിൽ താമസിക്കാൻ സഹായിച്ചുവെന്നുമാത്രമായിരുന്നു ജയമോഹനെതിരായ ആരോപണം.
എന്നാൽ, സിബിഐ കോടതി ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വിലയിരുത്തി കൊലക്കുറ്റംകൂടി ഉൾപ്പെടുത്തി ജയമോഹനെതിരെ കുറ്റപത്രം തയ്യാറാക്കുകയായിരുന്നു. കൊലപാതകത്തിൽ ജയമോഹന് പങ്കില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഗൂഢാലോചനയിൽ പങ്കെടുത്തതിനും തെളിവില്ല. ഈ സാഹചര്യത്തിൽ ഹർജിക്കാരനെതിരെ കൊലക്കുറ്റം ആരോപിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. ഹർജിക്കാരനായി മുതിർന്ന അഭിഭാഷകൻ പി വിജയഭാനു, അഡ്വ സിജു കമലാസനൻ എന്നിവർ ഹാജരായി.