വാഷിങ്ടണ്
ഇന്ത്യയില് വര്ധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങള് യുഎസ് നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യ–– യുഎസ് മന്ത്രിതല ചര്ച്ചയില് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് പറഞ്ഞു. ഇന്ത്യയില് സമീപകാലങ്ങളിലായി നടക്കുന്ന സംഭവവികാസങ്ങളും പൊലീസ്, ജയില്, സര്ക്കാര് തലപ്പത്തുള്ളവര് നടത്തിയ മനുഷ്യവകാശ ലംഘനങ്ങളും നിരീക്ഷിച്ചുവരികയാണെന്ന് ബ്ലിങ്കന് തുറന്നടിച്ചു. ഇന്ത്യ–– യുഎസ് 2+2 മന്ത്രിതല കൂടിക്കാഴ്ചയ്ക്ക് ശേഷം വാര്ത്താസമ്മേളനത്തില് കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്ങിന്റെയും എസ് ജയ്ശങ്കറിന്റെയും സാന്നിധ്യത്തിലാണ് ബ്ലിങ്കന്റെ പരാമര്ശം. രാജ്യത്തെ നേരിട്ട് കുറ്റപ്പെടുത്തുന്ന പരാമര്ശത്തോട് കേന്ദ്രമന്ത്രിമാര് പ്രതികരിച്ചില്ല. ഇക്കാര്യത്തില് കൂടുതല് വിശദീകരണത്തിന് ബ്ലിങ്കന് മുതിര്ന്നില്ല.
വാര്ത്താസമ്മേളനത്തിന് ശേഷം രാജ് നാഥ് സിങ്ങും ജയ് ശങ്കറും ബ്ലിങ്കനുമായി സംസാരിച്ചെങ്കിലും ഇക്കാര്യത്തില് കൂടുതല് പ്രതികരണത്തിന് തയാറായില്ല.മോദി സര്ക്കാരിന്റെ മനുഷ്യാവകാശധ്വംസനങ്ങളെ കുറിച്ച് പ്രതികരിക്കാന് യുഎസ് സര്ക്കാരിന് വിമുഖതയാണെന്ന ഡെമോക്രാറ്റിക് പാര്ടി നേതാവായ ഇല്ഹാന് ഒമറിന്റെ വിമര്ശത്തിന് പിന്നാലെയാണ് ആന്റണി ബ്ലിങ്കന്റെ പ്രതികരണം. മോദിയ്ക്ക് പിന്നിലുള്ള സംഘപരിവാരം ഇന്ത്യയില് മുസ്ലീംവിഭാഗത്തെ വേട്ടയാടുകയാണെന്നും രാജ്യത്ത് വര്ഗീയചേരിതിരിവുണ്ടാക്കാന് ശ്രമിക്കുകയുമാണെന്ന വികാരം അമേരിക്കന് ഡെമോക്രാറ്റിക് നേതാക്കളില് ശക്തമാണ്.
ഇന്ത്യയിലെ മുസ്ലീങ്ങളോട് മോദി സര്ക്കാരിനുള്ള നിലപാടിനെ കുറിച്ച് ഇനിയെങ്കിലും അമേരിക്ക ചര്ച്ച ചെയ്യാന് തയ്യാറാകണമെന്നാണ് ഒമര് കഴിഞ്ഞയാഴ്ച ചൂണ്ടിക്കാട്ടിയത്. ഹിജാബ് വിരുദ്ധ നിലപാട്, കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളയല്, പൗരത്വനിയമം, മതംമാറ്റം തടയുന്ന നിയമങ്ങള് തുടങ്ങിയവ ഇന്ത്യ തീവ്രഹിന്ദുത്വവഴിയിലേക്ക് നീങ്ങുന്നതിന്റെ ദൃഷ്ടാന്തമായി ഒമര് ചൂണ്ടിക്കാണിക്കുകയും ചെയ്തു.
ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തം 2+2 മന്ത്രിതല യോഗത്തില് ചര്ച്ചയായി. പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളെ ഭീകരാക്രമണത്തിനായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മുംബൈ -പത്താന്കോട്ട് ആക്രമണത്തിലെ കുറ്റവാളികളെ നിയമത്തിനു മുമ്പില് കൊണ്ടുവരണമെന്നും ഇന്ത്യയും യുഎസും പാകിസ്ഥാനോട് ആവശ്യപ്പെട്ടു.















