കൊച്ചി
നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടൻ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ അന്വേഷക സംഘം ചോദ്യം ചെയ്യും. ബുധനാഴ്ച ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിൽ വച്ചാണ് ചോദ്യം ചെയ്യൽ. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരോട് ആലുവ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.
ദിലീപിന്റെ സംഭാഷണങ്ങൾ, സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. സാക്ഷിയായതിനാൽ വീട്ടിൽവച്ച് ചോദ്യം ചെയ്യണമെന്ന് കാവ്യ ആവശ്യപ്പെട്ടിരുന്നു. പൊലീസ് ക്ലബിൽ എത്താനായിരുന്നു അന്വേഷകസംഘം നിർദേശിച്ചത്. നിയമോപദേശം ലഭിച്ചതിനാലാണ് വീട്ടിൽവച്ച് ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. അനൂപ്, സുരാജ് എന്നിവരെ പലതവണ ഫോണിൽ വിളിച്ചിട്ടും എടുത്തില്ലെന്ന് അന്വേഷകസംഘം പറഞ്ഞു. തുടർന്ന് പൊലീസ് ക്ലബിൽ ബുധനാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് ഇരുവരുടെയും വീടുകളിൽ നോട്ടീസ് പതിപ്പിച്ചു.
സായ് ശങ്കര് ചോദ്യംചെയ്യലിന് എത്തിയില്ല
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ തെളിവു നശിപ്പിച്ചെന്ന് കണ്ടെത്തിയ സായ് ശങ്കർ അന്വേഷകസംഘത്തിന് മുമ്പാകെ ഹാജരായില്ല. ചോദ്യംചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് സായ് ശങ്കർ ആവശ്യപ്പെട്ടിരുന്നു.
നടൻ ദിലീപിന്റെ ഫോണിലെ രേഖകൾ നശിപ്പിച്ചെന്ന് സായ് ശങ്കർ നേരത്തേ പറഞ്ഞതിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും മൊഴിയെടുക്കുന്നത്. ചൊവ്വാഴ്ച ഹാജരാകാനായിരുന്നു നിർദേശം. സായ് ശങ്കറിന്റെ മൊഴി മജിസ്ട്രേട്ട് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.