കൊച്ചി
നടിയെ ആക്രമിച്ച കേസിലെ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷകസംഘം വിചാരണക്കോടതിയിൽ അപേക്ഷ നൽകി. സാക്ഷികളെ സ്വാധീനിച്ചും തെളിവ് നശിപ്പിച്ചും ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെയും മറ്റൊരു സാക്ഷിയുടെയും ഫോൺ സംഭാഷണം അടുത്തിടെ പുറത്തുവന്നിരുന്നു. കേസിൽ സാക്ഷിയായ ആലുവയിലെ ഡാേക്ടറോട് മൊഴി മാറ്റാനും കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരൻ സാഗറിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിനും തെളിവുണ്ട്. ഇതെല്ലാം പരിഗണിച്ച് ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി. അപേക്ഷ 18ന് പരിഗണിക്കും.
അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയില് ഹാജരായി
അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് വിചാരണക്കോടതിയിൽ ഹാജരായി. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട അപേക്ഷ മാധ്യമങ്ങൾക്ക് ചോർത്തിനൽകിയെന്ന പ്രതിഭാഗത്തിന്റെ പരാതിയെ തുടർന്നാണ് ഹാജരായത്.
തുടരന്വേഷണ വിവരം രഹസ്യമായി സൂക്ഷിക്കണമെന്ന കോടതിയുടെ നിർദേശം പാലിച്ചില്ലെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം. സംഭവത്തിൽ ക്രൈംബ്രാഞ്ച് എഡിജിപി തിങ്കളാഴ്ച വിശദമായ റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിച്ചു.
ദിലീപിന്റെ ഫോണിലെ ഫോറൻസിക് പരിശോധനയിൽ നിർണായകവിവരങ്ങൾ അന്വേഷകസംഘത്തിന് ലഭിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യം ദിലീപിന് ലഭിച്ചത് കോടതി ജീവനക്കാരിലൂടെയാണോ എന്നറിയാൻ ഇവരെ ചോദ്യം ചെയ്യണമെന്ന് അന്വേഷകസംഘം ആവശ്യപ്പെട്ടിരുന്നു.