കൊച്ചി
കെ വി തോമസിനെ പിന്തുണച്ച് എൽദോസ് കുന്നപ്പള്ളി എംഎൽഎ രംഗത്തെത്തിയത് കെപിസിസി നേതൃത്വത്തെ ഞെട്ടിച്ചു. സംരക്ഷിക്കാൻ ഒരു നേതാവും വരില്ലെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വെല്ലുവിളിക്ക് 24 മണിക്കൂർ തികയുംമുമ്പാണ് എൽദോസ് കുന്നപ്പിള്ളി കെ വി തോമസിനെ പിന്തുണച്ചത്. ‘കെ വി തോമസിനെതിരെ പാർടി നടപടി എടുക്കരുതെന്ന് രാത്രി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കുന്നപ്പിള്ളി ആവശ്യപ്പെട്ടത്.
‘‘സിപിഐ എം സെമിനാറിൽ പങ്കെടുത്തതിൽ തെറ്റില്ല. വിലക്കാൻ പാടില്ലായിരുന്നു. ഒരാൾപോയാൽ അത്രയും നല്ലത് എന്നു വിചാരിക്കുന്നവർ കോൺഗ്രസിൽ ഉണ്ടാകാം. എന്നാൽ, പരിഹസിക്കുന്നവർക്ക് അതിന് എന്ത് അർഹതയാണുള്ളത്. അദ്ദേഹത്തിന് സ്ഥാനം ലഭിച്ചത് കഴിവുള്ളതുകൊണ്ടാണ്.’’ –– എൽദോസ് പറഞ്ഞു.
സുധാകരന്റെ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനും വെല്ലുവിളി ആവർത്തിച്ചിരുന്നു. കെ വി തോമസിന് സ്വന്തം തട്ടകത്തിൽ നിന്ന് ഒരാളെ പിന്തുണയ്ക്കാൻ കിട്ടുമോ എന്നാണ് സതീശൻ ചോദിച്ചത്. എന്നാൽ പ്രതിപക്ഷനേതാവിന്റെ തട്ടകത്തിലെ എംഎൽഎ തന്നെ പിന്തുണച്ചതോടെ നേതൃത്വം കാറ്റുപോയമട്ടാണ്.
കെ സുധാകരന്റെ ഏകാധിപത്യ തീരുമാനങ്ങളിൽ കോൺഗ്രസിലെ പലർക്കുമുള്ള എതിർപ്പാണ് ഏൽദോസിലൂടെ പുറത്തുവന്നതെന്ന് കരുതുന്നു. വരും ദിവസങ്ങളിൽ കെ വി തോമസിന് അനുകൂലമായി മുൻ എംഎൽഎയടക്കം രംഗത്തുവരാൻ സാധ്യതയുണ്ടെന്നതും നേതൃത്വത്തെ ഭയപ്പെടുത്തുന്നു.
സുധാകരൻ ഒറ്റപ്പെടുന്നു
കെ വി തോമസിനെ പുറത്താക്കാനിറങ്ങിയ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കൂടുതൽ ഒറ്റപ്പെടുന്നു. നടപടി പാടില്ലെന്ന് ഹൈക്കമാൻഡിലേക്ക് പ്രവർത്തകരുടെ കത്തുകൾ പ്രവഹിക്കുകയാണ്.
തൃശൂർ രൂപതയുടെ രൂക്ഷ വിമർശത്തിനു പിന്നാലെ എൽദോസ് കുന്നപ്പള്ളി എംഎൽഎയും സുധാകരനെതിരെ രംഗത്തെത്തി. സമൂഹമാധ്യമത്തിലും അതിരൂക്ഷ വിമർശമാണ് പ്രവർത്തകർ നടത്തുന്നത്. ഇതിന് തടയിടാൻ അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി. നേതാക്കളെ അപകീർത്തിപ്പെടുത്തുന്ന കോൺഗ്രസുകാർക്കെതിരെ മുഖംനോക്കാതെ നടപടി എടുക്കുമെന്നാണ് മുന്നറിയിപ്പ്.
നേതാക്കളുടെ പേരിലുള്ള ബ്രിഗേഡുകൾ തമ്മിലും അടി മുറുകി. കെ വി തോമസിനെതിരായ നടപടി ഉടനടി വേണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കെ സുധാകരൻ കത്തയച്ചത് മുതിർന്ന നേതാക്കളുമായി കൂടിയാലോചിക്കാതെയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പാർടി കോൺഗ്രസ് സെമിനാറിൽ കെ വി തോമസ് പ്രസംഗിച്ച് തീർന്ന ഉടൻ കെ സുധാകരൻ കത്ത് അയക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനോടുപോലും കൂടിയാലോചിച്ചിട്ടില്ല.
ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ തുടങ്ങിയ നേതാക്കളുമായി കെ സുധാകരൻ ടെലിഫോണിൽപ്പോലും സംസാരിക്കാറില്ല. വി ഡി സതീശനുമായുള്ള ഭിന്നതയെത്തുടർന്ന് രമേശ് ചെന്നിത്തലയുമായി അടുപ്പം പുലർത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ചെന്നിത്തലയെയും വിശ്വാസത്തിലെടുത്തില്ല. എഐസിസി അച്ചടക്ക സമിതി അധ്യക്ഷനായ എ കെ ആന്റണി കേരളത്തിലെ പല നേതാക്കളുമായും ആശയവിനിമയം നടത്തിയതായാണ് സൂചന. ഇതിൽ ഏറെപ്പേരും കെ വി തോമസിനെതിരെ നടപടി അരുതെന്ന വികാരമാണ് പങ്കുവച്ചത്. ഇതും കെ സുധാകരന്റെ നീക്കത്തിന് തിരിച്ചടിയാകും.