കോഴിക്കോട്
ജമാഅത്തെ ഇസ്ലാമിയുടെ ഇഫ്താർ വിരുന്നിൽ മുസ്ലിംലീഗ് നേതാക്കൾ പങ്കെടുത്തതിൽ വിമർശമുയരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വിട്ടുനിന്നു. പോപ്പുലർഫ്രണ്ടിന്റെ നേതാവും ലീഗ് നേതാക്കൾക്കൊപ്പം പങ്കെടുത്തു. സമസ്തയെ തള്ളി ജമാഅത്തെ–-ലീഗ് സഖ്യം ശക്തമാകുന്നതിന്റെ സൂചനയാണിത്. വഖഫ് ബോർഡ് നിയമനത്തിലടക്കം സമസ്തയും ലീഗും ഭിന്ന ചേരിയിലായിരുന്നു. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളെയടക്കം ഇഫ്താറിന് ക്ഷണിച്ചിരുന്നു. എന്നാൽ, സമസ്ത പ്രതിനിധിയെപ്പോലും അയച്ചില്ല. കാന്തപുരം അബൂബക്കർ മുസ്ല്യാർ നയിക്കുന്ന വിഭാഗവും പരിപാടി ബഹിഷ്കരിച്ചു.
തിങ്കളാഴ്ച കോഴിക്കോട്ട് നടന്ന പരിപാടിയിൽ സാദിഖലി തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, എം പി അബ്ദുസമദ് സമദാനി എംപി എന്നിവർ പങ്കെടുത്തു. പോപ്പുലർ ഫ്രണ്ട് നേതാവ് പ്രൊഫ. പി കോയയും ഒപ്പമുണ്ടായിരുന്നു. ജമാഅത്തെ മുൻ കാലങ്ങളിൽ സംഘടിപ്പിച്ച ഇഫ്താറിൽ ലീഗിന്റെ മുൻ സംസ്ഥാന പ്രസിഡന്റുമാരായ പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങൾ, ഹൈദരലി ശിഹാബ്തങ്ങൾ എന്നിവരൊന്നും പങ്കെടുത്തിരുന്നില്ല. ഇത് ഉയർത്തിയാണ് വിമർശം ഉയരുന്നത്. എന്നാൽ സാദിഖലിയാണ് ഇഫ്താർ ഉദ്ഘാടനം ചെയ്തത്. ലീഗ് പ്രസിഡന്റായശേഷം ഇദ്ദേഹം പങ്കെടുത്ത ആദ്യ പ്രധാന പരിപാടിയും ഇതാണ്.
ഹാഗിയ സോഫിയ പള്ളി വിഷയത്തിൽ ജമാഅത്തെ നിലപാട് പിൻപറ്റുന്ന ലേഖനമെഴുതി സാദിഖലി പ്രതിഷേധം നേരിട്ടിരുന്നു.