കോട്ടയം
ചെങ്ങളം സർവീസ് സഹകരണ ബാങ്കിൽ മുൻ പ്രസിഡന്റ് നടത്തിയ വായ്പ അഴിമതി വേലിതന്നെ വിളവ് തിന്നുന്നതിന് ഉത്തമ ഉദാഹരണമാണെന്ന് ഹൈക്കോടതി. കോൺഗ്രസുകാരനായ ജോസ് ആന്റണി തന്നെ ഭാര്യ, മക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ പേരിൽ ഈട്വസ്തുവിന്റെ വിലയേക്കാൾ അധികം തുക നിയമവിരുദ്ധമായി വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ബാങ്കിനെ കബളിപ്പിച്ച കേസിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരാമർശം.
വസ്തു ജപ്തിചെയ്യുന്നതുൾപ്പെടെ ബാങ്ക് നടപടി തുടങ്ങിയപ്പോൾ തന്നെ അറിയിക്കാതെയാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടി ജോസ് ആന്റണി നൽകിയ ഹർജിയിൽ അദ്ദേഹത്തെക്കൂടി കേട്ട് തീരുമാനിക്കാൻ സഹകരണ സംഘം അസി. രജിസ്ട്രാറോട് സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. ഇതിനെതിരെ ബാങ്ക് നൽകിയ അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് സി എസ് സുധ എന്നിവർ അംഗങ്ങളായ ഡിവിഷൻ ബെഞ്ച് ബാങ്കിൽ നടന്ന ക്രമവിരുദ്ധ, നിയമ വിരുദ്ധ നടപടിക്കെതിരെ പരാമർശം നടത്തിയത്. ജോസ് ആന്റണിയുടെയും ഭാര്യയുടെയും പേരിലുള്ള 96.79 സെന്റ് സ്ഥലം ഈടായി നൽകി പല വ്യക്തികൾ 25 ലക്ഷം വീതം 2.08 കോടി വായ്പ എടുക്കുകയായിരുന്നു. ഒരാളും നയാ പൈസ തിരിച്ചടച്ചില്ല. കോവിഡാണ് കാരണമായി പറഞ്ഞത്. തുടർന്നാണ് ബാങ്ക് ആർബിട്രേഷൻ നടപടി തുടങ്ങിയത്. 2016–-17 കാലത്താണ് ക്രമക്കേട് നടന്നത്. വായ്പാ തിരിച്ചടവ് മുടങ്ങിയതിനാൽ നിക്ഷേപത്തുകപോലും മടക്കി നൽകാനാകാതെ ബാങ്ക് നഷ്ടത്തിലായെന്ന് അപ്പീലിൽ പറയുന്നു. 2004 മുതൽ 2019 വരെ പതിനഞ്ച് വർഷത്തോളം ബാങ്കിന്റെ പ്രസിഡന്റായിരുന്നു ജോസ് ആന്റണി.