കണ്ണൂർ
സിപിഐ എം പാർടി കോൺഗ്രസ് വൻ വിജയമാക്കിയ എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നതായി ജില്ലാ സെക്രട്ടറി എം വി ജയരാജൻ അറിയിച്ചു. സിപിഐ എം പ്രവർത്തകരും സഹയാത്രികരുംമാത്രമല്ല, മറ്റു രാഷ്ട്രീയ അഭിപ്രായമുള്ളവരും സാഹിത്യ––സാംസ്കാരിക നായകരും കലാ–-കായിക താരങ്ങളും പ്രവാസികളും മതപണ്ഡിതരും വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ചവരുമെല്ലാം പൂർണ മനസ്സോടെ സഹകരിച്ചു.
വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ പാർടി നേതാക്കളും പ്രതിനിധികളും സമ്മേളനത്തിന്റെ ചിട്ടയായ സംഘാടനത്തെക്കുറിച്ച് വലിയ മതിപ്പ് രേഖപ്പെടുത്തി. സ്വാഗതസംഘം എക്സിക്യൂട്ടീവ് കമ്മിറ്റിയും 27 സബ്കമ്മിറ്റികളും ജനുവരി 17 മുതൽ എണ്ണയിട്ട യന്ത്രംപോലെയാണ് പ്രവർത്തിച്ചത്. ജില്ലയിലെ പാർടിയുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ വിജയം. ഒറ്റ മനസ്സോടെ അനുഭാവിമുതൽ നേതാവുവരെ പാർടി കോൺഗ്രസ് വിജയിപ്പിക്കാൻ രംഗത്തിറങ്ങി. സമ്മേളനത്തിനാവശ്യമായ വിഭവസമാഹരണവും മനുഷ്യാധ്വാനവും ജില്ലയിൽനിന്നുമാത്രമായിരുന്നു. ആയിരത്തിലധികം വളന്റിയർമാർ സദാസമയം സേവന സന്നദ്ധരായി വിവിധ കമ്മിറ്റികളുടെ ചുമതലകൾ നിർവഹിച്ചു.
കമ്യൂണിസ്റ്റ് പാർടിയുടെ പിറവി 1937ൽ കോഴിക്കോടാണെങ്കിലും ’39ലെ പാറപ്രം സമ്മേളനമാണ് വിപ്ലവ പ്രസ്ഥാനത്തിന് കരുത്തും ഊർജവും പകർന്നത്. അതുകൊണ്ടുതന്നെ കണ്ണൂരിൽ ആദ്യമായി നടക്കുന്ന സമ്മേളനം വൻവിജയമാക്കി മാറ്റാൻ ആവേശപൂർവം എല്ലാവരും രംഗത്തിറങ്ങി. ജില്ലയാകെ കമ്യൂണിസ്റ്റ് ഉത്സവമായാണ് പാർടി കോൺഗ്രസിനെ കണ്ടതെന്നും എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.