ന്യൂഡൽഹി
രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട ഘോഷയാത്രയ്ക്കിടെ മധ്യപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ വർഗീയ സംഘർഷങ്ങൾ കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പറഞ്ഞു. മതപരമായ ആഘോഷങ്ങളെ വർഗീയ രാഷ്ട്രീയത്തിനായി ആർഎസ്എസും സംഘപരിവാറും ഉപയോഗിക്കുന്നത് അപലപനീയമാണ്. സായുധരായി ഘോഷയാത്ര നടത്തുകയും ന്യൂനപക്ഷങ്ങൾ താമസിക്കുന്ന മേഖലയിൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി കല്ലേറും സംഘർഷവും ഉണ്ടാക്കുകയായിരുന്നു. അക്രമം ഉണ്ടായിടത്തെല്ലാം സമാനമായ രീതിയിലാണ് അവ സംഘടിപ്പിക്കപ്പെട്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആദ്യ ആക്രമണം ഉണ്ടായ മധ്യപ്രദേശിലെ ഖാർഗോണിൽ, ഡൽഹി കലാപത്തിന് വഴിമരുന്നിട്ട് വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്ര ഉണ്ടായിരുന്നു. ബിഹാറിലെ മുസ്ലിം പള്ളിയിൽ കാവിക്കൊടി കെട്ടിയത് പൊലീസ് നോക്കിനിൽക്കെയാണ്. മാംസാഹാരം നൽകുന്നത് വിലക്കി എബിവിപിക്കാർ ജെഎൻയു ക്യാമ്പസിൽ അക്രമം അഴിച്ചുവിട്ടു.
ന്യൂനപക്ഷമേഖലയിലൂടെ മതിയായ സുരക്ഷയൊരുക്കാതെ ഘോഷയാത്ര അനുവദിച്ച മധ്യപ്രദേശിലെയും ബിഹാറിലെയും ഗുജറാത്തിലെയും സർക്കാരുകളുടെ നടപടി സംശയാസ്പദമാണ്. മധ്യപ്രദേശിൽ നിയമനടപടി പാലിക്കാതെ ‘കലാപകാരികൾ’ എന്നാരോപിച്ച് കെട്ടിടങ്ങൾ ഇടിച്ചുനിരത്തിയതിൽ ഭൂരിഭാഗവും ന്യൂനപക്ഷങ്ങളുടേതാണ്. നിയമവ്യവസ്ഥയും ഭരണഘടനയും തച്ചുതകർക്കുന്നതിനു തുല്യമായ നടപടിയാണ് ഉണ്ടായത്. ഏഴ് സംസ്ഥാനത്ത് വ്യാപക അക്രമം അരങ്ങേറിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മേദി തുടരുന്ന മൗനം അക്രമത്തിന് അധികാരത്തിലിരിക്കുന്നവരുടെ പിന്തുണയുണ്ടെന്ന ആശങ്ക വർധിപ്പിക്കുന്നു. എല്ലാ വിഭാഗം ആളുകളും സമാധാനം പാലിക്കാനും വർഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കാനും തയ്യാറാകണം. എല്ലാ പാർടി ഘടകങ്ങളും സമാധാനവും സൗഹാർദവും നിലനിർത്താൻ ആവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്ന് പിബി ആഹ്വാനം ചെയ്തു.