ന്യൂഡൽഹി
ഒരേസമയം രണ്ടു ബിരുദ വിഷയം പഠിക്കാൻ അനുമതി നൽകി യുജിസി. വ്യത്യസ്ത വിഷയങ്ങളില് വെവ്വേറെ സർവകലാശാലകളിലോ ഒരേ സര്വകലാശാലയിലോ രണ്ട് കോഴ്സിൽ ഒരേസമയം പ്രവേശനം നേടാം. ബിരുദ–- ബിരുദാനന്തര ബിരുദ കോഴ്സുകളിൽ നിലവിൽ പഠിക്കുന്നവർക്കും പുതുതായി ചേരുന്നവർക്കും തീരുമാനം ബാധകം. അടുത്ത അധ്യയന വർഷംമുതൽ പരിഷ്കാരം നിലവിൽ വരുമെന്ന് യുജിസി ചെയർമാൻ ജഗദേഷ് കുമാർ പറഞ്ഞു.
ഒരു ഡിപ്ലോമയും ഒരു ബിരുദവും അല്ലെങ്കിൽ രണ്ടു ബിരുദമോ ഒരുമിച്ച് പഠിക്കാം.രണ്ടു ബിരുദാനന്തര ബിരുദവും ഒരുമിച്ച് പഠിക്കാം. ബിരുദാനന്തര ബിരുദവിദ്യാർഥിക്ക് അതിനൊപ്പം മറ്റൊരു വിഷയത്തിൽ ബിരുദത്തിനും ചേരാം. ഓൺലൈനായോ നേരിട്ടുള്ള ക്ലാസായോ പഠനം നടത്താം. വിദ്യാർഥിയുടെ അക്കാദമിക യോഗ്യത, കോഴ്സിന്റെ ലഭ്യത തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാകും പ്രവേശനം.
ടെക്നിക്കൽ കോഴ്സുകൾക്ക് തീരുമാനം ബാധകമാകില്ല. ടെക്നിക്കൽ വിഷയങ്ങളും അല്ലാത്തവയും സംയോജിപ്പിച്ചുള്ള പഠനം ബുദ്ധിമുട്ടായതിനാൽ അതിപ്പോൾ പരിഗണനയിലില്ലെന്ന് ചെയർമാൻ പറഞ്ഞു. വിശദ മാർഗനിദേശം ബുധനാഴ്ച യുജിസി വെബ്സൈറ്റിലൂടെ പുറത്തിറക്കും. പുതിയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായാണ് പരിഷ്കാരങ്ങൾ.