കൊട്ടാരക്കര> ക്ഷേത്രദർശനത്തിനു പോകുകയായിരുന്ന എഎസ്ഐയെയും കുടുംബത്തെയും റോഡിൽ വളഞ്ഞിട്ടു മർദിച്ചു. ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കുണ്ടറ സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ മുളവന അംബിയിൽ വൈഷ്ണവത്തിൽ സുഗുണൻ, ഭാര്യ പ്രീത, മകൻ അമൽ എന്നിവരെയാണ് ആക്രമിച്ചത്. തലയ്ക്കു സാരമായി പരിക്കേറ്റ അമലിനെ (23) കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുത്തൂർ ടൗണിൽ തിങ്കൾ രാവിലെ ഒമ്പതിനാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പുത്തൂർ എസ്എൻ പുരം ബഥേൽ ഹൗസിൽ ജിബിൻ (24), തെക്കുംപുറം കെ ജെ ഭവനിൽ ജിനു ജോൺ (24) എന്നിവരെ പുത്തൂർ പൊലീസ് അറസ്റ്റ്ചെയ്തു. ഇവരെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. പ്രതികൾ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്. രാവിലെ പുത്തൂർ വഴി വെണ്ടാറിലേക്ക് ക്ഷേത്രദർശനത്തിനു പോകുകയായിരുന്നു എഎസ്ഐ സുഗുണനും കുടുംബവും. പിന്നാലെ വന്ന ബൈക്ക് ഇടതുവശത്തുകൂടി മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാർ തട്ടിയെന്നും സൈഡ് നൽകിയില്ലെന്നും ആരോപിച്ചാണ് തർക്കമുണ്ടായത്.
ബൈക്കിൽ ഇരുന്ന് ജിബിനും ജിനുജോണും അസഭ്യം പറഞ്ഞെന്നും പുത്തൂർ ടൗണിലെത്തിയപ്പോൾ ട്രാഫിക് ബ്ലോക്കിൽ കാർ നിർത്തിയപ്പോൾ ബൈക്കുമായി ഇവർ മുന്നിലെത്തി വഴക്കുണ്ടാക്കിയെന്നുമാണ് പൊലീസ് പറയുന്നത്. വാക്കേറ്റത്തിനിടെ സുഗുണനെ മർദിച്ചപ്പോൾ അമൽ തടയാനെത്തി. തുടർന്ന് നടുറോഡിൽ കൈയാങ്കളിയായി. ഇതിനിടെയാണ് അമലിന് ഹെൽമെറ്റുകൊണ്ട് അടിയേറ്റത്. കൂട്ടത്തല്ലിനിടെ പ്രീത തറയിൽ വീണു. ബൈക്ക് യാത്രക്കാരുടെ പരാതിയിൽ കാർ യാത്രക്കാർക്ക് എതിരെയും കേസെടുത്തു.