തൃശൂർ> മതത്തിൻ്റെ പേരിൽ തൃശൂർ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കലാപരിപാടിയിൽ നിന്ന് ഒഴിവാക്കിയ നർത്തകി മൻസിയക്ക് ആയിരങ്ങളെ സാക്ഷി നിർത്തി വേദിയൊരുക്കി ഡിവൈഎഫ്ഐ. ‘പാടുന്നോർ പാടട്ടെ, ആടുന്നോർ ആടട്ടെ, കലയ്ക്ക് മതമില്ല’ എന്ന പേരിൽ ഇരിങ്ങാലക്കുട ടൗൺ ഹാൾ മുറ്റത്ത് ഒരുക്കിയ വേദിയിലായിരുന്നു അവതരണം.
മതത്തിന്റെ പേരിൽ മൻസിയയ്ക്ക് ക്ഷേത്രത്തിൽ നൃത്തപരിപാടി അവതരിപ്പിക്കാൻ വിലക്കേർപ്പെടുത്തിയ നടപടി ഇരുണ്ടകാലത്തെ അവശിഷ്ടങ്ങൾ പേറലാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും ഡിവൈഎഫ്ഐ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റി പാടുന്നോർ പാടട്ടെ, ആടുന്നോർ ആടട്ടെ കലക്ക് മതമില്ലെന്ന സന്ദേശവുമായി പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് അധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു, കവി പി എൻ ഗോപീകൃഷ്ണൻ, എഴുത്തുകാരി രേണു രാമനാഥൻ, സിപിഐ എം ഏരിയാസെക്രട്ടറി വി എ മനോജ് കുമാർ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ്, ജില്ലാ സെക്രട്ടറി പി ബി അനൂപ്, പ്രസിഡന്റ് കെ വി രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ എൽ ശ്രീലാൽ, അഡ്വ.എൻ വി വൈശാഖൻ, ബ്ലോക്ക് സെക്രട്ടറി പി കെ മനുമോഹൻ, പ്രസിഡന്റ് ഐ വി സജിത്ത് എന്നിവർ സംസാരിച്ചു. മണ്ണ് സാംസ്കാരിക കേന്ദ്രം നാടൻ പാട്ടും അവതരിപ്പിച്ചു.