ന്യൂഡൽഹി
സത്യവാങ്മൂലങ്ങൾ കോടതിയിൽ സമർപ്പിക്കുന്നതിനുമുമ്പ് മാധ്യമങ്ങൾക്ക് കൊടുക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദേശം.
പല പ്രധാനപ്പെട്ട വിഷയങ്ങളിലും സർക്കാർ സത്യവാങ്മൂലങ്ങളിലെ വിശദാംശങ്ങൾ ആദ്യം മാധ്യമങ്ങളിലൂടെയാണ് ജഡ്ജിമാർ അറിഞ്ഞതെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ വിമർശിച്ചു. നിർദേശം നടപ്പാക്കുന്നത് ഉറപ്പുവരുത്തണമെന്നും ചീഫ് ജസ്റ്റിസ് അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജിനോട് ആവശ്യപ്പെട്ടു.
തിങ്കളാഴ്ച ഇരുമ്പയിര് കയറ്റുമതിക്ക് ഏർപ്പെടുത്തിയ വിലക്കിന് എതിരായ ഹർജി പരിഗണിക്കവെയാണ് സത്യവാങ്മൂലങ്ങൾ ചോരുന്നതിൽ ചീഫ് ജസ്റ്റിസ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം വീഴ്ച ഉണ്ടാകാൻ സാധ്യതയില്ലെന്നായിരുന്നു എം നടരാജിന്റെ പ്രതികരണം.