ന്യൂഡൽഹി
ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ അക്രമം അഴിച്ചുവിട്ട സംഭവത്തിൽ എബിവിപി പ്രവർത്തകർക്കുവേണ്ടി ഒത്തുകളിച്ച് ഡല്‍ഹി പൊലീസ്. എസ്എഫ്ഐയടക്കം ഇടതു വിദ്യാർഥി സംഘടനകളുടെയും ജെഎൻയു വിദ്യാർഥി യൂണിയന്റെയും പരാതിയില്‍ അക്രമികള്‍ക്ക് എതിരെ വസന്ത് കുഞ്ച് പൊലീസ് കേസെടുത്തു. എന്നാല്‍, ആക്രമണത്തിന് ഇരയായ പെൺകുട്ടികളടക്കമുള്ളവര്ക്കെതിരെയും കേസെടുക്കുമെന്ന് സൗത്ത് വെസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമീഷണർ സി മനോജ് പറഞ്ഞു. കേന്ദ്രസർക്കാരിനു കീഴിലുള്ള ഡൽഹി പൊലീസ് എബിവിപിക്കുവേണ്ടി ഒത്തുകളിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥി യൂണിയൻ ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി.
വിദ്യാർഥികളെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. 2020 ജനുവരിയിൽ സംഘപരിവാറുകാർ സായുധരായി ക്യാമ്പസിൽകടന്ന് വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവരെ ആക്രമിച്ച സംഭവത്തിൽ രണ്ടുവർഷം കഴിഞ്ഞിട്ടും ആരെയും അറസ്റ്റുചെയ്തിട്ടില്ല.
മാംസാഹാരത്തിന്
വിലക്കില്ലെന്ന് ജെഎൻയു
സർവകലാശാല ഹോസ്റ്റലുകളിൽ മാംസാഹാരം വിലക്കിയിട്ടില്ലെന്ന് ജെഎൻയു അധികൃതർ വ്യക്തമാക്കി. സർവകലാശാല ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഞായർ രാത്രിയാണ് ഹോസ്റ്റലിൽ നവരാത്രി ദിനത്തിൽ മാംസാഹാരം വിളമ്പിയെന്ന പേരിൽ എബിവിപിക്കാർ അക്രമം നടത്തിയത്. പെൺകുട്ടികളടക്കം അറുപതോളം പേർക്ക് പരിക്കേറ്റു. അഞ്ച്പേർ മലയാളി വിദ്യാർഥികളാണ്. ന്യൂനപക്ഷ വിദ്യാർഥികളെ തിരഞ്ഞുപിടിച്ച് ആക്രമിച്ചു. അക്രമത്തിൽ എസ്എഫ്ഐ കേന്ദ്ര സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. ജെഎൻയുവിന്റെ മതനിരപേക്ഷതയ്ക്കുനേരെയുള്ള ഹിന്ദുത്വ ശക്തികളുടെ ആക്രമണത്തിന്റെ തുടർച്ചയാണിതെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനുവും ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസും പ്രസ്താവനയിൽ പറഞ്ഞു.