തിരുവനന്തപുരം
സിൽവർ ലൈനിനെതിരായി ബിജെപി നേതൃത്വത്തിൽ നടത്തുന്ന സമരത്തോട് ഘടകകക്ഷികൾക്ക് എതിർപ്പ്. തിങ്കളാഴ്ച നടന്ന എൻഡിഎ നേതൃയോഗത്തിൽ ബിഡിജെഎസ് ഉൾപ്പെടെയുള്ള പാർടികൾ വിയോജിപ്പറിയിച്ചു. ഏകപക്ഷീയമായ സമരപ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് എൻഡിഎ കൺവീനർകൂടിയായ തുഷാർ വെള്ളാപ്പള്ളി വാർത്താസമ്മേളനത്തിൽ പങ്കെടുത്തതുമില്ല. സിൽവർ ലൈനിനെതിരെ സമരമെന്നത് ബിജെപി കേരള ഘടകത്തിന്റെ തീരുമാനമാണ്. വികസനകാര്യത്തിൽ സർക്കാരിനെ കണ്ണടച്ച് എതിർക്കാനാകില്ലെന്ന് തുഷാർ വെള്ളാപ്പള്ളി യോഗത്തിൽ വ്യക്തമാക്കി. ഇത് വകവയ്ക്കാതെയാണ് ബിജെപി നേതാക്കൾ സമരമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നത്. ഇതോടെയാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നില്ലെന്ന നിലപാടിലേക്ക് തുഷാർ മാറിയത്.
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ വേളയിൽ മെയ് 20ന് സെക്രട്ടറിയറ്റിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്താനാണ് തീരുമാനം. കേന്ദ്ര ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളിൽ തങ്ങളെ അവഗണിക്കുന്നെന്ന അഭിപ്രായവും ബിഡിജെഎസിനുണ്ട്. കേരളത്തിൽനിന്നുള്ള ബിജെപി നേതാക്കൾ പാരവയ്ക്കുന്നെന്നും വിമർശമുണ്ടായി.