കൊച്ചി
ദിലീപിന്റെ ഫോണുകളിലെ വിവരങ്ങൾ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് സംശയിക്കുന്ന സൈബർ വിദഗ്ധൻ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാൻ നീക്കം. നശിപ്പിക്കപ്പെട്ട ഫോൺവിവരങ്ങളിൽ ചിലത് സായ് ശങ്കർ പൊലീസിന് കൈമാറിയതായാണ് സൂചന.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസ് കോടതിയിൽ എത്തുമ്പോൾ ഇത് നിർണായക തെളിവാകുമെന്നും കരുതുന്നു. ദിലീപിന്റെ രണ്ട് ഫോണുകളിലെ വിവരങ്ങളാണ് നശിപ്പിച്ചത്. തിങ്കൾ വൈകിട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സായ് ശങ്കറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. അന്വേഷകസംഘം ഇയാളെ ചൊവ്വ പകൽ രണ്ടിന് ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യംചെയ്യും.
ദിലീപിന്റെ അഭിഭാഷകർ വഞ്ചിച്ചതായി സായ് ശങ്കർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അഭിഭാഷകർ നിർദേശിച്ചതനുസരിച്ചാണ് ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത്. അന്വേഷകസംഘം ഉപദ്രവിച്ചിട്ടില്ലെന്നും മുൻകൂർ ജാമ്യാപേക്ഷയെന്ന പേരിൽ തന്റെ ഒപ്പ് വാങ്ങിയാണ് ദിലീപിന്റെ അഭിഭാഷകർ കള്ളപ്പരാതി ചമച്ചതെന്നും സായ് ശങ്കർ ആരോപിച്ചു. വിവരങ്ങൾ നശിപ്പിക്കാൻ ഉപയോഗിച്ച ലാപ്ടോപ്പും ഐ മാക്ക് കംപ്യൂട്ടറും ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയുടെ ഓഫീസിലാണെന്നും സായ് ശങ്കർ പറഞ്ഞു. ഫോൺവിവരങ്ങൾ നശിപ്പിച്ചത് കൊച്ചിയിലെ ആഡംബരഹോട്ടലിലും രാമൻപിള്ളയുടെ ഓഫീസിലും വച്ചാണെന്നാണ് കണ്ടെത്തൽ. 12 ഫോൺ നമ്പറുകളിൽനിന്നുള്ള വാട്സാപ് ചാറ്റുകളും ശബ്ദസന്ദേശങ്ങളുമാണ് നീക്കിയത്.
മൊഴി മാറ്റിയിട്ടില്ലെന്ന് ഡോ. ഹൈദരലി
നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റിയില്ലെന്ന് ആലുവയിലെ ഡോ. ഹൈദരലി. നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. പൊലീസിനോട് പറഞ്ഞതുതന്നെയാണ് കോടതിയിലും പറഞ്ഞത്. മൊഴി മാറ്റണമെന്ന് ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് ആവശ്യപ്പെട്ടിട്ടില്ലെന്നും ഹൈദരലി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആരോപണം നിഷേധിച്ച് ദിലീപിന്റെ അഭിഭാഷകരും രംഗത്തെത്തി. ക്രൈംബ്രാഞ്ചിന്റെ കള്ളങ്ങളോട് പ്രതികരിക്കാനില്ലെന്ന് അഡ്വ. ബി രാമൻപിള്ളയും അഡ്വ. ഫിലിപ് ടി വർഗീസും പ്രതികരിച്ചു.
അഭിഭാഷകർ പറയുന്നതനുസരിച്ച് വിചാരണക്കോടതിയിൽ മൊഴി നൽകണമെന്ന് സുരാജും ഡോ. ഹൈദരലിയും തമ്മിലുള്ള ഫോൺ സംഭാഷണം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ആശുപത്രിയിൽ അഡ്മിറ്റായിരുന്നില്ല എന്ന ഡോക്ടറുടെ ആദ്യ മൊഴി പിന്നീട് കോടതിയിൽ മാറ്റിയത് ഈ ഫോൺ വിളിയെത്തുടർന്നാണെന്നാണ് ക്രൈംബ്രാഞ്ച് വിശദമാക്കുന്നത്.